സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (KHSIP) നടപ്പാക്കുന്നു. വേൾഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ആരോഗ്യ സംവിധാനത്തെ പുതുതലമുറ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശേഷിയുള്ളതാക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിക്കു ആറ് പ്രധാന ഘടകങ്ങളുണ്ട്. സമഗ്രമായ പകർച്ചേതര വ്യാധി പരിചരണം, മുതിർന്ന പൗരന്മാർക്കായുള്ള ഭാവനാധിഷ്ഠിത ആരോഗ്യ സേവനങ്ങൾ, 108 ആംബുലൻസ് സേവനങ്ങളോടുകൂടിയ ഏകീകൃത ട്രോമയും അടിയന്തര ചികിത്സയും, സംസ്ഥാനതല ഏകാരോഗ്യ നിരീക്ഷണം, കാലാവസ്ഥ പ്രതികരണ ശേഷിയുള്ള ആരോഗ്യ സൗകര്യങ്ങൾ, ഡിജിറ്റൽ ഹെൽത്ത് രജിസ്ട്രികൾ, വിവര വിശകലനം എന്നിവ വഴി വേഗത്തിലുള്ള ഡിജിറ്റൽ ആരോഗ്യ ഏകീകരണം എന്നിവയാണ് അവ.
ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്ന എല്ലാ മേഖലകളിലും കൃത്യവും അളക്കാനാവുന്നതുമായ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഗുണഫലങ്ങൾ രേഖപ്പെടുത്തും. ഉത്തരവാദിത്തം ഉറപ്പാക്കുകയും, വിവിധ മേഖലകളിലുടനീളമുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും, ദുർബല കുടുംബങ്ങളെ സംരക്ഷിക്കുന്നതും ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധ ശേഷി വർധിപ്പിക്കുന്നതുമായ സ്ഥിരതയുള്ള ആരോഗ്യ സംവിധാനം എന്നിവ ഉറപ്പാക്കും.
KHSIP പദ്ധതിയുടെ നടപ്പാക്കൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തവും സുസ്ഥിരവുമായി മാറ്റുന്നതിനൊപ്പം ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ശേഷിയും വർധിപ്പിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-03-13 12:16:38
ലേഖനം നമ്പർ: 1986