സംസ്ഥാനത്തെ വ്യവസായ മേഖലയിൽ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കി 'വിഷൻ സീറോ' എന്ന ലക്ഷ്യം കൈവരിക്കാനായി തൊഴിൽ വകുപ്പിന്റെ 'കെ-സേഫ്' (Kerala Spatial Administration for Factory Enforcement - K-SAFE) പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഫാക്ടറി സുരക്ഷാ മേഖലയിൽ ഇത്തരമൊരു സമഗ്ര ജിയോ - സ്പേഷ്യൽ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്. സുതാര്യവും വേഗതയേറിയതുമായ ഡിജിറ്റൽ ഗവേണൻസ് സംവിധാനമാണ് കെ-സേഫ്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം വ്യവസായ വളർച്ചയും കെ-സേഫ്' പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
സംസ്ഥാനത്തെ ഫാക്ടറികളെയും ബോയിലറുകളെയും ഒരു ഡിജിറ്റൽ ഭൂപടത്തിൽ ഏകോപിപ്പിക്കുന്നതിനായി 'ഫാബ് ജി.ഐ.എസ്' (FAB GIS) എന്ന വെബ് പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. ഇതോടെ ഫാക്ടറി രേഖകൾ പേപ്പർ ഫയലുകളിൽ നിന്നും ഡിജിറ്റൽ മാപ്പുകളിലേക്ക് മാറും. ഓരോ വ്യവസായ സ്ഥാപനവും എവിടെയാണെന്നും, അവിടെയുള്ള അപകട സാധ്യതകൾ എന്തൊക്കെയാണെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും.
അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കെ-സേഫ് സഹായിക്കും. തീപിടുത്തമോ രാസവസ്തു ചോർച്ചയോ ഉണ്ടായാൽ, അപകടം നടന്ന സ്ഥലം കൃത്യമായി തിരിച്ചറിഞ്ഞ് പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവർക്ക് എസ്.എം.എസ്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി മുന്നറിയിപ്പ് നൽകാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഹൈവേകളിൽ ടാങ്കർ അപകടങ്ങൾ ഉണ്ടായാൽ സുരക്ഷിത പരിധി നിശ്ചയിക്കാനും ജനങ്ങളെ മാറ്റാനും പോലീസിന് കൃത്യമായ നിർദ്ദേശം നൽകാനും സംവിധാനം ഉപയോഗപ്രദമാകും.
നിയമങ്ങൾ നടപ്പാക്കുന്ന പരിശോധനാ രീതിയിൽ നിന്ന് മാറി, സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടങ്ങൾ മുൻകൂട്ടി കണ്ട് തടയുന്ന 'പ്രെഡിക്റ്റീവ് പ്രിവൻഷൻ' രീതിയാണ് കെ-സേഫ് വഴി നടപ്പാക്കുന്നത്. ഫാക്ടറി ഉടമകൾക്ക് സുരക്ഷാ വിവരങ്ങൾ ഡിജിറ്റലായി അപ്‌ഡേറ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്പ് വഴി പരിശോധനകൾ രേഖപ്പെടുത്താനും സൗകര്യമുണ്ട്. മാര്‍ച്ച് രണ്ടാംവാരത്തോടെ ആപ്ലിക്കേഷന്‍ ലഭ്യമായി തുടങ്ങും
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-16 14:21:58
ലേഖനം നമ്പർ: 1962