തദ്ദേശ സ്വയംഭരണ വകുപ്പ് സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദപരവുമാക്കുന്നതിനുള്ള സുപ്രധാന മുന്നേറ്റമായി, അത്യാധുനിക എഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ‘സ്മാർട്ടി’ (Smarty) വെർച്വൽ അസിസ്റ്റന്റ് സേവനം സംസ്ഥാനത്ത് യാഥാർത്ഥ്യമായി. പൊതുജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്ന പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ കേരള മിഷനും, ഇൻഫോ ലോജിക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുന്നത്.
കെ-സ്മാർട്ടിന്റെ ഭാഗമായി നിലവിലുള്ള കോൾ സെന്റർ സംവിധാനത്തെ പൂർണ്ണമായും വെർച്വൽ ആയും എഐ അധിഷ്ഠിതവുമായാണ് സ്മാർട്ടി അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് ഓഫിസുകളിൽ കയറി ഇറങ്ങാതെ തന്നെ നിയമപരമായ എല്ലാ വിവരങ്ങളും കൃത്യതയോടെയും സുതാര്യതയോടെയും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.
സ്മാർട്ടി വെർച്വൽ അസിസ്റ്റന്റ്
എഐ കോളിംഗ് ബോട്ടും 3D അവതാർ-ടോക്ക്ബോട്ടും സമന്വയിപ്പിച്ച ഒരു അത്യാധുനിക സാങ്കേതിക സംവിധാനമാണ് സ്മാർട്ടി. സാധാരണക്കാർക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ, ലൈസൻസ് നിയമങ്ങൾ, ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്ക് കൃത്യമായ മറുപടി സ്മാർട്ടിയിലൂടെ ലഭിക്കും.
പൊതുജനങ്ങൾക്ക് അവരുടെ മൊബൈലിൽ നിന്നോ ലാൻഡ്‌ലൈനിൽ നിന്നോ +91 471 2525100 എന്ന നമ്പറിലേക്ക് വിളിച്ച് സംശയനിവാരണം നടത്താം. കെട്ടിട നിയമങ്ങൾ, ലൈസൻസുകൾ, ഫയലുകളുടെ നിലവിലെ സ്ഥിതി എന്നിവയെക്കുറിച്ച് സ്മാർട്ടി വിവരങ്ങൾ നൽകും. കെ-സ്മാർട്ട് വെബ്‌സൈറ്റിൽ സജ്ജീകരിച്ചിട്ടുള്ള 3D അവതാർ വഴി ഉപയോക്താക്കൾക്ക് നേരിട്ട് സംവദിക്കാം. ഒരു വെർച്വൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ഈ ടോക്ക്ബോട്ട് സേവനവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും 24/7 സഹായം ഉറപ്പാക്കും.
മറ്റ് ഉദ്യോഗസ്ഥരുടെയോ ഇടനിലക്കാരുടെയോ സഹായമില്ലാതെ തന്നെ പെർമിറ്റുകൾ, അപേക്ഷാ നടപടികൾ, സമയപരിധികൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശ ഭരണ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമതയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്ന 'സ്മാർട്ടി', ഡിജിറ്റൽ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-22 15:43:59
ലേഖനം നമ്പർ: 1946