സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോയുടെ ആദ്യ 'സിഗ്നേച്ചർ മാർട്ട്' കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. വിപണിയിലെ കോർപ്പറേറ്റ് റീട്ടെയ്ൽ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് തലശ്ശേരിയിലെ ഹൈപ്പർമാർക്കറ്റിനെ സിഗ്നേച്ചർ മാർട്ടായി ഉയർത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും ആകർഷകവുമായ അന്തരീക്ഷത്തിൽ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി രാജ്യാന്തര നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സപ്ലൈകോ വിൽപനശാലകളെ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.
സപ്ലൈകോയുടെ തനത് ബ്രാൻഡായ 'ശബരി' ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ശബരി ഉത്പന്നങ്ങൾ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ സൂപ്പർ മാർക്കറ്റുകളിലും ഗൾഫ് രാജ്യങ്ങളിലെ വിപണികളിലും ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കി വരികയാണ്. ഈ വിജയകരമായ മാതൃക പിന്തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ സിഗ്നേച്ചർ മാർട്ട് വീതം സ്ഥാപിച്ച് വിപണന ശൃംഖല വിപുലീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന സാധാരണ കുടുംബങ്ങൾ പ്രതിമാസം ആശ്രയിക്കുന്ന സപ്ലൈകോ, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. പൊതുവിതരണ സംവിധാനത്തെ ആധുനികവൽക്കരിക്കുന്നതിനൊപ്പം തന്നെ, സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുകയാണ് സർക്കാർ സിഗ്നേച്ചർ മാർട്ടിലൂടെ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-13 10:53:52
ലേഖനം നമ്പർ: 1936