റോഡ് സുരക്ഷാ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂളുകളിൽ റോഡ് സേഫ്റ്റി കേഡറ്റ് പ്രോഗ്രാം നടപ്പാക്കുന്നു. റോഡ് സുരക്ഷയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാർഥികളിൽ ഉത്തരവാദിത്വമുള്ള ഗതാഗത സംസ്കാരം വളർത്തിയെടുക്കുകയും, അതുവഴി വാഹനാപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം.
പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കരയിലെ ജോൺ എഫ്. കെനഡി മെമ്മോറിയൽ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കി. ഇതിന്റെ ഭാഗമായി 30 കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുത്ത ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന നൽകുന്നത്. അടുത്ത അധ്യയന വർഷാരംഭത്തോടെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ഒരു ബാച്ചിൽ 30 വിദ്യാർഥികൾ വീതം, ആൺകുട്ടികളേയും പെൺകുട്ടികളേയും തുല്യ അനുപാതത്തിൽ ഉൾപ്പെടുത്തി പരിശീലനം നൽകും. 15 മണിക്കൂർ സിദ്ധാന്ത പഠനം, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവയോടൊപ്പം നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയമങ്ങൾ, ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ അഗ്നിശമന സേനയുമായി ചേർന്ന് പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ മുഖേന സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും.
സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും, സ്കൂൾ പരിസരങ്ങളിൽ ഗതാഗത നിയന്ത്രണം ഉറപ്പാക്കാനും കേഡറ്റുകളെ വിനിയോഗിക്കും. അപകട സാധ്യതയുള്ള ഇടങ്ങൾ സന്ദർശിച്ച് അപകട കാരണങ്ങൾ വിലയിരുത്തുന്നതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. ചുവപ്പ് നിറത്തിൽ കറുപ്പും മഞ്ഞയും വരകളുള്ള ടി-ഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് റോഡ് സേഫ്റ്റി കേഡറ്റുകളുടെ യൂണിഫോം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഗതാഗത സംസ്കാരത്തിലേക്ക് കേരളത്തെ നയിക്കാൻ റോഡ് സേഫ്റ്റി കേഡറ്റ് പ്രോഗ്രാം നിർണ്ണായക പങ്കുവഹിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-02-06 15:25:45
ലേഖനം നമ്പർ: 1958