സംസ്ഥാനത്തെ ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്നതിനായി 'മലയാളംശ്രീ' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികൾക്ക് മാതൃഭാഷ പഠനത്തിലൂടെ ഭാഷാപരിചയം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് ഇനി മുതൽ സംസ്കൃതത്തിനും അറബിക്കിനും ഒപ്പം മലയാളവും പഠിപ്പിക്കും.
സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ് സി ഇ ആർ ടി )യുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്തകങ്ങൾ ആധാരമാക്കിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത് . ഈ അധ്യയന വർഷം തന്നെ 7, 10 ക്ലാസുകളിൽ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തിൽ 2105 കുട്ടികളും പത്താം തരത്തിൽ 2445 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏഴാം തരം പരീക്ഷ സാക്ഷരതാ മിഷനും പത്താം തരം പരീക്ഷ പരീക്ഷാഭവനും നടത്തും.
മാതൃഭാഷയിലൂടെ വിദ്യാർഥികളുടെ ഭാഷാസാമർഥ്യവും സാംസ്കാരികബോധവും വളർത്തുന്ന മലയാളംശ്രീ ഓറിയന്റൽ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തുന്ന പദ്ധതിയാണ് , കൂടാതെ ഭാഷാപരിചയവും പഠനസമത്വവും ഈ പദ്ധതി ഉറപ്പാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-09 15:36:58
ലേഖനം നമ്പർ: 1934