സംസ്ഥാനത്തെ കാർഷിക മേഖലയെ കൂടുതൽ ആധുനികവത്ക്കരിക്കാനും ജലവിനിയോഗം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് സെൻട്രൽ MIS  പോർട്ടൽ അവതരിപ്പിച്ച് കൃഷിവകുപ്പ്‌. കർഷകർക്ക് കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന (Micro Irrigation) സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന 'പെർ ഡ്രോപ്പ് മോർ ക്രോപ്പ്' (Per Drop More Crop - PDMC) പദ്ധതിയ്ക്ക് വീട്ടിലിരുന്നോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സെൻട്രൽ MIS പോർട്ടൽ മുഖേന അപേക്ഷിക്കാം. കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന ജലക്ഷാമവും നേരിടാൻ പരമ്പരാഗത രീതികൾക്ക് പകരം ശാസ്ത്രീയമായ ജലസേചന മാർഗ്ഗങ്ങൾ അവലംബിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് സബ്സിഡി പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകുന്ന പദ്ധതിയിലൂടെ ചെറുകിട-നാമമാത്ര കർഷകർക്ക് ആകെ ചെലവിന്റെ 55 ശതമാനവും മറ്റ് കർഷകർക്ക് 45 ശതമാനവും സബ്സിഡി ലഭിക്കും. വനാവകാശ നിയമപ്രകാരം (FRA) പട്ടം ലഭിച്ചിട്ടുള്ള കർഷകർക്ക് 90 ശതമാനം വരെ ആനുകൂല്യം ലഭ്യമാണ്. ഡ്രിപ്പ്, സ്പ്രിങ്ക്ലർ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ 40 മുതൽ 50 ശതമാനം വരെ വെള്ളം ലാഭിക്കാനും വിളവ് വർദ്ധിപ്പിക്കാനും സാധിക്കും. കൂടാതെ, വെള്ളത്തോടൊപ്പം വളം ചേർക്കാനുള്ള 'ഫെർട്ടിഗേഷൻ' സൗകര്യവും മൊബൈൽ ഫോൺ വഴി ദൂരെ നിന്ന് നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.

pdmc.da.gov.in/KeralaMS എന്ന വെബ് വിലാസം വഴിയാണ് കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്. ആധാർ നമ്പർ, ഭൂവുടമസ്ഥത തെളിയിക്കുന്ന രേഖകൾ (പട്ടയം അല്ലെങ്കിൽ നികുതി രസീത്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഭൂപരിധി സംബന്ധിച്ച സത്യപ്രമാണം എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ അംഗീകരിച്ചാൽ, സർക്കാർ അംഗീകൃത ഡീലർമാർ സ്ഥലം സന്ദർശിച്ച് ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കും. കൃഷി എൻജിനീയറുടെ പരിശോധനയ്ക്ക് ശേഷം സബ്സിഡി തുക നേരിട്ട് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

പരമാവധി അഞ്ച് ഹെക്ടർ വരെയുള്ള ഭൂമിക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. സബ്സിഡിക്ക് പുറമെ ബോർവെൽ, പമ്പ് സെറ്റ്, മഴവെള്ള സംഭരണി എന്നിവയ്ക്കും പ്രത്യേക സഹായങ്ങൾ ലഭ്യമാണ്. തെങ്ങ് കൃഷി ചെയ്യുന്നവർക്ക് അധികമായി 30 ശതമാനം സബ്സിഡി ലഭിക്കുമെന്നത് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷതയാണ്. ഗുണമേന്മ ഉറപ്പാക്കുന്നതിനായി ബി.ഐ.എസ് മാർക്കുള്ള ഉപകരണങ്ങൾ മാത്രമേ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവരങ്ങൾക്കായി 1800-425-2512 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-08 14:12:05

ലേഖനം നമ്പർ: 1932

sitelisthead