ശാസ്ത്ര-സാങ്കേതിക മേഖലയിൽ ​ഗവേഷണാത്മക ചുവടുവെപ്പുമായി കേരളം വീണ്ടും രാജ്യത്തിന് മാതൃകയാകുന്നു. സൂക്ഷ്മാണുക്കളുടെ പങ്ക് ആരോഗ്യ-പരിസ്ഥിതി മേഖലകളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ സ്ഥാപിച്ച സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം (CoE-M) പ്രവർത്തനസജ്ജമായി. ഇതോടൊപ്പം തന്നെ, സ്വന്തമായി ഒരു 'സംസ്ഥാന സൂക്ഷ്മാണുവിനെ' പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും ഇനി കേരളത്തിന് സ്വന്തം.

ബാസിലസ് സബ്റ്റിലിസ്

കേരളത്തിന്റെ സ്വന്തം സൂക്ഷ്മാണു'ബാസിലസ് സബ്റ്റിലിസ്' എന്ന ബാക്ടീരിയയെയാണ് കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത്. മണ്ണിലും ജലത്തിലും ഭക്ഷണപദാർഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും സ്വാഭാവികമായി കാണപ്പെടുന്ന ഈ സൂക്ഷ്മാണു ഏറെ പഠനവിധേയമായ ഒന്നാണ്. രോഗനിയന്ത്രണം, കാർഷികോൽപ്പാദന വർധനവ് തുടങ്ങിയ മേഖലകളിൽ ഈ ബാക്ടീരിയ നൽകുന്ന ഗുണഫലങ്ങൾ മുൻനിർത്തിയാണ് ഈ പ്രഖ്യാപനം. വരും കാലങ്ങളിൽ വിവിധ സർവകലാശാലകൾ വികസിപ്പിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ വഴി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ ബാക്ടീരിയ വലിയ മുതൽക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു.

സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം

മനുഷ്യാരോഗ്യം, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ മൈക്രോബയോം അധിഷ്ഠിത ഗവേഷണങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പ്രവർത്തനമാരംഭിച്ച ഈ കേന്ദ്രം നവകേരളത്തിന്റെ വികസന കാഴ്ചപ്പാടിൽ നിർണ്ണായക പങ്കുവഹിക്കും. മൈക്രോബയോളജി, മോളിക്യുലർ ബയോളജി ലബോറട്ടറികൾ, ആനിമൽ സെൽ കൾച്ചർ സൗകര്യങ്ങൾ, ഇൻക്യുബേഷൻ സ്പേസുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ, ബിഗ് ഡാറ്റ വിശകലനത്തിനായി അത്യാധുനിക ബയോഇൻഫർമാറ്റിക്സ് സൗകര്യം എന്നിവ സെന്ററിൽ ലഭ്യമാണ്.

സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ സമൂഹത്തിന് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റുക എന്നതാണ് സെന്ററിന്റെ പ്രധാന ലക്ഷ്യം.‌ പ്രോബയോട്ടിക് - പ്രീബയോട്ടിക് ഉൽപ്പന്നങ്ങളുടെ വികസനം വഴി പോഷണവും രോഗപ്രതിരോധവും മെച്ചപ്പെടുത്തുന്നു. സസ്യവളർച്ച വേഗത്തിലാക്കാനും പ്രകൃതിദത്തമായി രോഗനിയന്ത്രണം സാധ്യമാക്കാനും മൈക്രോബിയൽ സാങ്കേതികവിദ്യ ഉപയോഗിക്കും. മലിനീകരണ നിയന്ത്രണത്തിന് സൂക്ഷ്മാണുക്കളെ ഉപയോഗപ്പെടുത്തുന്നതിനുള്ള ഗവേഷണങ്ങൾ നടക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ കെ-ഡിസ്കുമായി സഹകരിച്ചാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. 

കിഫ്ബി ധനസഹായത്തോടെയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ശാസ്ത്രീയ മാർഗനിർദേശത്തോടെയുമാണ് പദ്ധതി യാഥാർത്ഥ്യമായത്. വൈകാതെ തോന്നയ്‌ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ സ്ഥിരം ക്യാമ്പസിലേക്ക് സെന്റർ മാറ്റുന്നതോടെ കൂടുതൽ വിപുലമായ ഗവേഷണ സാധ്യതകളാകും തുറക്കപ്പെടുക. അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ലോകത്തിന്റെ തന്നെ മൈക്രോബയോം ഗവേഷണ ഹബ്ബായി മാറുകയാണ് കേരളം

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-27 16:33:50

ലേഖനം നമ്പർ: 1950

sitelisthead