രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളുടെ ചരിത്രത്തിലാദ്യമായി ന്യൂക്ലിയർ മെഡിസിനിൽ ബിരുദാനന്തര ബിരുദ (PG) കോഴ്‌സ് ആരംഭിച്ച് കേരളം. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജാണ് ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്.
കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ കൃത്യമായ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും അത്യന്താപേക്ഷിതമായ വിഭാഗമാണ് ന്യൂക്ലിയർ മെഡിസിൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇതിനാവശ്യമായ പെറ്റ് സ്‌കാൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളും മതിയായ അധ്യാപകരെയും ഉറപ്പാക്കിയതോടെയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ കോഴ്‌സിന് അനുമതി നൽകിയത്.
ഈ വിഭാഗത്തിൽ പഠനം ആരംഭിച്ചു കഴിഞ്ഞതോടെ കൂടുതൽ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിക്കുമെന്നത് കേരളത്തിലെ കാൻസർ ചികിത്സാ രംഗത്തിന് വലിയ കരുത്ത് പകരും. ഇതോടൊപ്പം തന്നെ ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ കോഴ്‌സും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാനമായ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി 81 പുതിയ മെഡിക്കൽ പിജി സീറ്റുകൾക്ക് കൂടി ഒക്‌ടോബർ മാസത്തിൽ എൻഎംസി അനുമതി നൽകിയിരുന്നു. കൊല്ലം മെഡിക്കൽ കോളേജ് (30), ആലപ്പുഴ മെഡിക്കൽ കോളേജ് (17), എറണാകുളം മെഡിക്കൽ കോളേജ് (15), കണ്ണൂർ മെഡിക്കൽ കോളേജ് (15), കോഴിക്കോട് മെഡിക്കൽ കോളേജ് (2), മലബാർ കാൻസർ സെന്റർ (2) കൂടാതെ, മലബാർ കാൻസർ സെന്ററിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലും പിജി സീറ്റുകൾ അനുവദിക്കപ്പെട്ടു. ഇതോടെ ആകെ 129 പിജി സീറ്റുകൾക്കാണ് ഈ സർക്കാരിന്റെ കാലത്ത് അനുമതി ലഭ്യമായത്.
മെഡിക്കൽ കോളേജുകളിലെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി സർക്കാർ 270 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഈ നടപടിയാണ് കൂടുതൽ പിജി സീറ്റുകൾ അനുവദിച്ചുകിട്ടുന്നതിൽ നിർണ്ണായകമായത്. ഭാവിയിലെ ആരോഗ്യ വെല്ലുവിളികൾ നേരിടാൻ സജ്ജമാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും, ക്രിട്ടിക്കൽ കെയർ വിഭാഗത്തിലും പിജി സീറ്റുകൾ ആരംഭിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. മികച്ച ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും ഉറപ്പാക്കിക്കൊണ്ട് കേരളം ലോകത്തിന് മാതൃകയായ 'കേരള മോഡൽ' ആരോഗ്യനയം കൂടുതൽ ശക്തമായി നടപ്പാക്കുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-23 14:42:56
ലേഖനം നമ്പർ: 1947