സംസ്ഥാനത്തെ ആശുപത്രികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആന്റിബയോട്ടിക് സാക്ഷരമാക്കുന്നതിനുള്ള സമഗ്രമായ 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ' പുറത്തിറക്കി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. വൺ ഹെൽത്ത് പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശുപത്രികൾ, ആരോഗ്യ സേവന ദാതാക്കൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ട് കേരളത്തെ ഒരു ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായുള്ള മാര്‍ഗരേഖ നേരത്തെ ആരോഗ്യവകുപ്പ് പുറത്തിറക്കിയിയിരുന്നു. ഇതിന്റെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു.
ആശുപത്രികളിലെയും സമൂഹത്തിലെയും ആന്റിബയോട്ടിക് ഉപയോഗം ക്രമീകരിക്കുന്നതിനായി കീ പെർഫോമൻസ് ഇൻഡിക്കേറ്ററുകൾ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന അക്രഡിറ്റേഷൻ സംവിധാനമാണ് ആരോഗ്യവകുപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിലൂടെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ, ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർഡ്ഷിപ്പ് കംപ്ലയന്റ് ആശുപത്രികൾ, ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക സർട്ടിഫിക്കേഷൻ നൽകും. ഓരോ തലത്തിലുമുള്ള ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും പരിഗണിച്ച് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പത്ത് മാനദണ്ഡങ്ങളും ദ്വിതീയ/തൃതീയ തലത്തിലുള്ള ആശുപത്രികൾ പന്ത്രണ്ട് മാനദണ്ഡങ്ങളുമാണ് പാലിക്കേണ്ടത്. ഒപി വിഭാഗങ്ങളിൽ നൽകുന്ന ആന്റിബയോട്ടിക്കുകളിൽ ഭൂരിഭാഗവും ലോകാരോഗ്യ സംഘടനയുടെ 'ആക്സസ്' വിഭാഗത്തിൽപ്പെട്ടവയായിരിക്കണം എന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. പ്രാഥമിക തലത്തിൽ 95%, ദ്വിതീയ തലത്തിൽ 90%, തൃതീയ തലത്തിൽ 85% എന്നിങ്ങനെയാണ് ആക്സസ് വിഭാഗം ആന്റിബയോട്ടിക്കുകളുടെ കുറഞ്ഞ ഉപയോഗ പരിധി. കൂടാതെ, നിശ്ചിത കാലയളവിൽ ആന്റിബയോട്ടിക് ഉപയോഗത്തിൽ കുറവ് വരുത്തുക, മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽക്കുന്നത് തടയുക തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമാണ്.
ആശുപത്രികളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി ആകർഷകമായ 'കളർ കോഡിംഗ്' സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച രീതിയിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ഇളം നീല നിറം നൽകും. നിശ്ചിത സ്കോറുകളുടെ അടിസ്ഥാനത്തിൽ ഡാർക്ക് ബ്ലൂ, ഗ്രീൻ, യെല്ലോ, പിങ്ക് എന്നിങ്ങനെ വിവിധ ഗ്രേഡുകളായി സ്ഥാപനങ്ങളെ തരംതിരിക്കും. മാർഗരേഖ പുറത്തിറക്കി മൂന്ന് മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ഈ കളർ കോഡിംഗിന് വിധേയമാകണം. സ്വകാര്യ ആശുപത്രികളിലും ഈ സംവിധാനം നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ/ബ്ലോക്ക് എഎംആർ കമ്മിറ്റികൾ ഉറപ്പുവരുത്തും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇൻസ്റ്റിറ്റ്യൂഷണൽ, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ കൃത്യമായ വിലയിരുത്തൽ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ കമ്മിറ്റികൾക്ക് ഇളം നീല ഒഴികെയുള്ള കളർ കോഡിംഗ് വിലയിരുത്തലുകൾ സ്വയം നടത്താവുന്നതാണ്. ഓരോ ആറ് മാസത്തിലും ബ്ലോക്ക്/ജില്ലാ തലത്തിലുള്ള കമ്മിറ്റികൾ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃപരിശോധിക്കും. ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ സർട്ടിഫിക്കേഷന്റെ കാലാവധി രണ്ട് വർഷമായിരിക്കും. ആധുനിക ചികിത്സാ രീതികളും ജനകീയ പങ്കാളിത്തവും ഉറപ്പാക്കുന്ന ഈ പദ്ധതി ആഗോളതലത്തിൽ തന്നെ ആന്റിബയോട്ടിക് പ്രതിരോധ രംഗത്തെ മികച്ച മാതൃകയായി മാറും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-01-13 14:44:14
ലേഖനം നമ്പർ: 1937