സംസ്ഥാനത്തിന്റെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളുടെ നേട്ടമായി, ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് തൃശൂർ ജില്ലയിലെ പുത്തൂർ കുരിശുമൂലയിൽ ആരംഭിച്ചു. പ്രശസ്ത ഓസ്‌ട്രേലിയൻ ഡിസൈനർ ജോൻ കോ രൂപകൽപ്പന ചെയ്ത, ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. സംരക്ഷണം, പഠനം, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന തരത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുകൂലമായ രീതിയിൽ 336 ഏക്കറിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യവും മൃഗങ്ങൾക്ക് സ്വകാര്യമായി വിരഹിക്കാവുന്ന ആവാസവ്യവസ്ഥയുള്ള 23 ആവാസയിടങ്ങളും മൃഗശാലയിലുണ്ട്. തൃശൂർ മൃഗശാലയിലെ 439 ജീവികളും പുതിയ പാർക്കിന്റെ ഭാഗമാകും.

സന്ദർശകർക്ക് മികച്ച അനുഭവം ലഭിക്കുന്നതിന് സുവോളജിക്കൽ പാർക്കിൽ നിരവധി ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ ഓമനിക്കാൻ കഴിയുന്ന ഒരു പെറ്റ് സൂ , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള വെർച്വൽ സൂ എന്നിവ സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം നൽകും.
6.5 കിലോമീറ്റർ വ്യാപ്തിയുള്ള പാർക്ക് മുഴുവനായി നടന്ന് സന്ദർശിക്കുന്നത് ബുദ്ധിമുട്ടാകുന്നവർക്കായി കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസ് സർവീസും സജ്ജീകരിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് ആരംഭിക്കുന്ന ഈ സേവനം പാർക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്റ്റോപ്പുകളിൽ ഇറങ്ങി കാഴ്ചകൾ ആസ്വദിക്കാനും പിന്നീട് അതേ ടിക്കറ്റ് ഉപയോഗിച്ച് അടുത്ത സ്റ്റോപ്പിലേക്ക് യാത്ര തുടരാനും സൗകര്യമൊരുക്കുന്നു.

സർവീസ് റോഡ് , സന്ദർശക പാത ,കംഫർട്ട് സ്റ്റേഷനുകൾ ,ട്രാം സ്റ്റേഷനുകൾ, ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ സെന്ററുകൾ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയാണ് മൃഗശാല പ്രവർത്തിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും ജൈവവൈവിധ്യ സംരക്ഷണത്തെ മുൻനിർത്തിയ ശാസ്ത്രീയ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പാർക്ക് കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയ്ക്ക് കൂടുതൽ കരുത്ത് നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-29 10:40:11
ലേഖനം നമ്പർ: 1903