സംസ്ഥാന ആഭ്യന്തര വരുമാനത്തെ (GSDP) അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിശീർഷ വരുമാനത്തിന്റെ കണക്കിൽ രാജ്യത്ത് ഏഴാം സ്ഥാനം കരസ്ഥമാക്കി കേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലുമുള്ള അഭിമാനകരമായ നേട്ടമാണിത്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീർഷ വരുമാനം കണക്കാക്കുന്നത്. 2020ലെ 12-ാം സ്ഥാനത്ത് നിന്ന് വെറും നാല് വർഷം കൊണ്ടാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തി ഏഴിലേക്ക് എത്തുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ പ്രതിശീർഷ വരുമാനം മൂന്ന് ലക്ഷം രൂപ കടന്നത് ശ്രദ്ധേയമായ മുന്നേറ്റമായി കണക്കാക്കുന്നു.
2020 മുതൽ 2025 വരെയുള്ള കണക്കുകൾ
- 2020-2021ൽ കേരളത്തിന്റെ റാങ്ക് 12, പ്രതിശീർഷ വരുമാനം 1,94,432 രൂപ, ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1,27,065 രൂപയായിരുന്നു.
- 2021-22ൽ കേരളത്തിന്റെ റാങ്ക് 11, പ്രതിശീർഷ വരുമാനം 2,30,280 രൂപ, ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1,48,524 രൂപ
- 2022-2023ൽ കേരളത്തിന്റെ റാങ്ക് 11, പ്രതിശീർഷ വരുമാനം 2,57,307 രൂപ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1,72,276 രൂപ
- 2023-24ൽ കേരളത്തിന്റെ റാങ്ക് 9, പ്രതിശീർഷ വരുമാനം 2,81,269 രൂപ, ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1,88,892 രൂപ
- 2024-2025 നവംബറിൽ കേരളത്തിന്റെ റാങ്ക് 7ലെത്തി. പ്രതിശീർഷ വരുമാനം 3,08,338 രൂപയും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2,05,324 രൂപയുമായിരുന്നു.
കോവിഡിന് ശേഷമുള്ള കേരളത്തിൻ്റെ അതിജീവനത്തിൻറേയും ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നയങ്ങളുടെയും ഫലമാണ് സംസ്ഥാനത്തിന്റെ ഈ മുന്നേറ്റം. കിഫ്ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെ പശ്ചാത്തല മേഖലയിൽ നടത്തിയ വൻകിട നിക്ഷേപങ്ങൾ ഈ വളർച്ചയിൽ നിർണ്ണായകമായി. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നീക്കം വേഗത്തിലാക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്തു. പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഗുണനിലവാരം ഉയർത്തിയത് മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമായി.
തൊഴിലില്ലായ്മ കുറയ്ക്കാനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ പ്രതിശീർഷ വരുമാനം വർദ്ധിപ്പിച്ചു. സംരംഭക വർഷം പദ്ധതിയിലൂടെ ലക്ഷ്യമിട്ടതിലും അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചെറുകിട ഇടത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്താനും കഴിഞ്ഞത് വരുമാന വർദ്ധനവിന് കാരണമായി.
കേരളത്തിൻ്റെ പ്രതിശീർഷ വരുമാനം ഉയർത്തുന്നതിൽ പ്രവാസികളുടെ വരുമാനത്തിന് ഇപ്പോഴും സുപ്രധാന സ്ഥാനമുണ്ട്. എന്നാൽ, സംസ്ഥാനത്തിനുള്ളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കഴിഞ്ഞത് ഈ വരുമാനത്തെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിച്ചു.
കേരളത്തിലെ ഉയർന്ന ഡിജിറ്റൽ സാക്ഷരത, നൈപുണ്യ വികസന പദ്ധതികൾ എന്നിവ കാരണം ജനങ്ങൾക്ക് ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന സാങ്കേതിക ജോലികളിൽ ഏർപ്പെടാൻ കഴിഞ്ഞു. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സർക്കാർ സേവനങ്ങൾ വേഗത്തിലായത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചു.
പ്രതിശീർഷ വരുമാനത്തിലെ ഈ മുന്നേറ്റം കേരളത്തിൻ്റെ സാമ്പത്തിക ഭദ്രതയെയും മെച്ചപ്പെട്ട ജീവിത നിലവാരത്തെയും സൂചിപ്പിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സാമ്പത്തിക മേഖലയിൽ കൈവരിച്ച ഈ വിജയം, സമഗ്ര വികസനം എന്ന കേരള മോഡലിൻ്റെ പ്രസക്തി വീണ്ടും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-12-15 10:36:22
ലേഖനം നമ്പർ: 1913