പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ, കൂടുതൽ സാങ്കേതിക മികവോടെ, സുരക്ഷിത യാത്രയൊരുക്കുന്നതിനായി സംസ്ഥാനതല ഓൺലൈൻ ഓട്ടോ-ടാക്‌സി പ്ലാറ്റ്‌ഫോമായ കേരള സവാരി 2.0 പ്രവർത്തനസജ്ജമായി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പൂർണ്ണമായി പ്രവർത്തനം ആരംഭിച്ച പദ്ധതി, തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

മറ്റ് സ്വകാര്യ ഓൺലൈൻ ട്രാൻസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. സർക്കാരിന്റെ നിശ്ചിത നിരക്കുള്ള ഈ സംവിധാനം, യാത്രക്കാർക്ക് തുല്യനിരക്കിൽ സേവനം ലഭ്യമാക്കുന്നതിനൊപ്പം, ഡ്രൈവർമാർക്ക് ന്യായമായ വരുമാനവും ഉറപ്പാക്കുന്നു. 2025 മെയ് 6 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
 
പോലീസ്, ഗതാഗതം, ഐ.ടി., പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയും ഐ.ടി.ഐ. പാലക്കാട് എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സാങ്കേതിക പിന്തുണയോടെയും പദ്ധതിയെ യാഥാർത്ഥ്യമാക്കി. നിലവിൽ ഐ.ടി.ഐ. പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് സാങ്കേതിക സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്.

2022 ഓഗസ്റ്റ് 17-ന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പൈലറ്റ് പ്രോജക്ടായി ആരംഭിച്ച കേരള സവാരി, പൈലറ്റ് ഘട്ടത്തിലെ ന്യൂനതകൾ പരിഹരിച്ച് 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലായി ട്രയൽ റൺ നടത്തി മികച്ച പ്രതികരണം നേടി. നിലവിൽ ഓൺബോർഡ് ചെയ്ത 23,000-ത്തിലധികം ഡ്രൈവർമാർ മൂന്ന് ലക്ഷത്തി അറുപതിനായിരത്തിലധികം ട്രിപ്പുകൾ പൂർത്തിയാക്കി. ഇതിലൂടെ ഡ്രൈവർമാർക്ക് ഒമ്പത് കോടി മുപ്പത്തിയാറ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനം ലഭിച്ചു.

മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പായി വികസിപ്പിക്കുന്ന കേരള സവാരി, ഭാവിയിൽ മെട്രോ, വാട്ടർ മെട്രോ, റെയിൽവേ, ടൂറിസം, തീർഥാടനം, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടർ തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയിലാണ്. സർക്കാർ നിരക്കുകൾക്കനുസരിച്ച് ആംബുലൻസ് സേവനങ്ങളും ഗുഡ്‌സ് വെഹിക്കിൾ സർവീസുകളും ഉൾപ്പെടുത്തും. 

കേരള സവാരി 2.0, ജനങ്ങൾക്കും ഡ്രൈവർമാർക്കും ഒരുപോലെ ഗുണകരമായ ഗതാഗത മാതൃകയാണ്. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ സ്വയംപര്യാപ്തതയും സാമൂഹിക ഉത്തരവാദിത്വവും ഉറപ്പാക്കുന്ന ഈ സംരംഭം, ഭാവിയിലെ സ്മാർട്ട് മൊബിലിറ്റി ദിശയിലേക്കുള്ള ശക്തമായ ചുവടുവെപ്പായി മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-06 16:28:19

ലേഖനം നമ്പർ: 1910

sitelisthead