സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായ കേരളം, കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ സാക്ഷരത നൽകുന്നതിനായി ദീപ്തി ബ്രെയിൽ സാക്ഷരത പദ്ധതി നടപ്പാക്കുന്നു. കേരള സംസ്ഥാന സാക്ഷരതാമിഷനാണ് പദ്ധതിയുടെ നിർവഹണം. കാഴ്ച പരിമിതരെ പുതിയ തൊഴിലിടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാമിഷൻ ഈ സംരംഭത്തിന് തുടക്കമിട്ടത്.
ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് അക്ഷരവെളിച്ചത്തിലേക്ക് കടന്നുവരാൻ പലപ്പോഴും ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അത്തരം പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ദീപ്തി പദ്ധതിയിലൂടെ സാധിക്കും. കാഴ്ച പരിമിതർക്ക് അറിവിന്റെ ലോകത്തേക്കുള്ള മികച്ച ചുവടുവെയ്പ്പായ ഈ പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസന പരിശീലനം സംഘടിപ്പിച്ചു. അസാപ് കേരളയുടെയും ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെയും സഹകരണത്തോടെ, ദീപ്തി ബ്രെയിൽ പദ്ധതി പഠിതാക്കളിൽ നിന്നും തിരഞ്ഞെടുത്ത 15 പേർക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആൻഡ് ഐടി തൊഴിൽ പരിശീലനം നൽകി. 2025 ആഗസ്റ്റ് 6 മുതൽ 31 വരെയായിരുന്നു പരിശീലനം.
ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതി, കാഴ്ച വെല്ലുവിളി നേരിടുന്നവർക്കായി വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും കൂട്ടിച്ചേർത്ത് സമൂഹത്തെ വളർച്ചയിലേക്ക് നയിക്കുന്ന ഒരു പ്രധാന മുന്നേറ്റമാണ്. അറിവും നൈപുണ്യവും നൽകി സ്വയംപര്യാപ്തതയിലേക്ക് അവരെ നയിക്കുന്ന ഈ പദ്ധതി, സാമൂഹിക സമത്വത്തിന്റെയും കരുത്തുറ്റ ഭാവിയുടെയും ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-29 11:22:49
ലേഖനം നമ്പർ: 1902