സ്ത്രീകളിലുണ്ടാകുന്ന ഗർഭാശയഗള കാൻസറിനെ (സെർവിക്കൽ കാൻസർ) പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക്   എച്ച്പിവി വാക്‌സിനേഷൻ പദ്ധതിയുമായി  ആരോഗ്യവകുപ്പ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഗർഭാശയ ഗള അർബുദ വിമുക്ത കേരളമെന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടേയും ടെക്‌നിക്കൽ കമ്മിറ്റിയുടേയും നേതൃത്വത്തിലാണ് വാക്‌സിനേഷൻ പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.

ലോകത്ത് സ്ത്രീകളിൽ കണ്ടു വരുന്ന നാലാമത്തെ പ്രധാനപ്പെട്ട അർബുദമാണ്  ഗർഭാശയഗള അർബുദം, ഇന്ത്യയിലെ രണ്ടാമത്തേതും. അർബുദ അനുബന്ധ മരണ നിരക്കുകൾ ഉയർത്തുന്നതിന് സെർവിക്കൽ കാൻസർ ഒരു പ്രധാന കാരണമാണ്.  2022 ൽ ഏകദേശം 350,000 സ്ത്രീകൾ സെർവിക്കൽ കാൻസർ ബാധിതരായിട്ടുണ്ട്. എച്ച്.പി.വി വാക്സിൻ എല്ലാ പെൺകുട്ടികളും സ്വീകരിക്കുന്നത് സെർവിക്കൽ കാൻസർ പ്രതിരോധം ഉറപ്പാക്കും.
 
എച്ച്.പി.വി. വാക്‌സിനേഷന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് സ്വമേധയാ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പൈലറ്റ് പദ്ധതിയുടെ ഉദ്ദേശം. എച്ച്.പി.വി. വാക്‌സിനേഷൻ പദ്ധതി വിവിധ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, മറ്റ് സന്നദ്ധ സംഘടനകൾ സഹകരിക്കും. 

പ്ലസ് വൺ‌, പ്ലസ് ടു വിദ്യാർഥിനികളെ  ലക്ഷ്യമാക്കി നടപ്പിലാക്കുന്ന എച്ച്.പി.വി വാക്‌സിനേഷൻ പദ്ധതി, ഗർഭാശയഗള കാൻസർ രഹിതമായ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ശ്രമമാണ്. പൊതുജന ബോധവത്കരണവും സന്നദ്ധ സംഘടനകളുടെയും ആരോഗ്യ വിദഗ്ധരുടെയും പിന്തുണയും വഴി, യുവതലമുറയെ ഗർഭാശയഗള അർബുദത്തിൽ നിന്ന് സംരക്ഷിച്ച്, ആരോഗ്യപരമായ ഭാവിയെ ഉറപ്പാക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-03 15:28:54

ലേഖനം നമ്പർ: 1908

sitelisthead