സംസ്ഥാനത്ത് കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്നതിനായി 'ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ് പദ്ധതിയുമായി കെഎസ്ആർടിസി. കേരളത്തിലെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസി ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര സേവനം ലഭിക്കും. ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യം സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുകയാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

www.keralartcit.com പോർട്ടലിലൂടെ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്‌പോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മേൽവിലാസം, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ചീഫ് ഓഫീസിൽ നിന്ന്‌ ലഭ്യമാക്കുന്ന കാർഡ് കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കും. വീട് മുതൽ ഡ‍ോക്ടർ നിർദേശിക്കുന്ന ആരോഗ്യസ്ഥാപനം വരെയാണ് ഹാപ്പി ലോംഗ് ലൈഫ് കാർ‍ഡിൽ സൗജന്യ യാത്ര ചെയ്യാവുന്നത്. 
 
ആരോഗ്യപരിചരണ രംഗത്ത് സാമൂഹിക ഉത്തരവാദിത്വവും കരുതലും ഏകോപിപ്പിക്കുന്ന ഹാപ്പി ലോംഗ് ലൈഫ്’ പദ്ധതി, ആരോഗ്യം മനുഷ്യാവകാശമായി ഉറപ്പാക്കുന്ന കേരളത്തിന്റെ സാമൂഹ്യനീതി പ്രതിബദ്ധതയുടെ മറ്റൊരു പ്രതീകമാണ്.

അപേക്ഷകർക്കുള്ള നിർദേശങ്ങൾ


01. https:/keralartcit .com/ എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
02. അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ (JPG, PNG, PDF, ഫോർമാറ്റിൽ) അപ്‌ലോഡ് ചെയ്യേണ്ടതാണ്
a) പാസ്പോർട്ട് സൈസ് ഫോട്ടോ
b ) ആധാർ കാർഡിന്റെ കോപ്പി
c ) നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം)
d) ഓങ്കോളിജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ)
03. സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം
04. അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്
05. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാകുന്നവർക്ക് ചീഫ് ഓഫീസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-11-01 15:54:28

ലേഖനം നമ്പർ: 1907

sitelisthead