സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം പ്രവർത്തനസജ്ജമായി. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിതാ-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മലിന ജലസംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം, ശുചിമുറികൾ, ഗ്രീൻ പ്രോട്ടോക്കോളും ബോധവത്കരണവും എന്നിവയാണ് റേറ്റിങ്ങിന് പരിഗണിക്കുന്ന ഘടകങ്ങൾ. ഓരോ ഘടകത്തിലും കുറഞ്ഞത് 60 ശതമാനം മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ റേറ്റിങ് ലഭിക്കൂ. 60 ശതമാനം മാർക്കിന് ഒരു ലീഫ്, 80 ശതമാനത്തിന് രണ്ട് ലീഫ്, 100 ശതമാനം സ്‌കോറിന് 5 ലീഫ് എന്നിങ്ങനെയാണ് റേറ്റിങ് നൽകുക.
മികച്ച റേറ്റിംഗ് നേടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിലുള്ള അവാർഡുകൾ, ക്യാഷ് പ്രൈസ്, അനുമോദനം, സർക്കാർ പദ്ധതികളിൽ മുൻഗണന എന്നിവ ലഭിക്കുന്നതാണ്. സ്ഥാപനങ്ങളുടെ സേവന ഗുണനിലവാരം വർധിപ്പിക്കുന്നതിനും ജനസമ്മതി വർധിപ്പിക്കുന്നതിനും റേറ്റിങ് വഴിയൊരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിന് ഈ റേറ്റിങ് വെയിറ്റേജ് നൽകി പരിഗണിക്കുന്നതാണ്. തങ്ങളുടെ പരിധിയിലെ എല്ലാ മേഖല/സ്ഥാപനങ്ങൾക്കും അഞ്ച് ലീഫ് റേറ്റിങ് ഉറപ്പാക്കി ഉയർന്ന ഗ്രേഡ് കരസ്ഥമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിലൂടെ സാധിക്കും.
പൊതുജനസമ്പർക്കം കൂടുതലുള്ളതും മാലിന്യം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്. ആദ്യ ഘട്ടത്തിൽ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീ-പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാഭ്യാസ സ്ഥപാനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള ബസ് ഡിപ്പോകൾ, ടൗണുകൾ എന്നിവയിലാണ് റേറ്റിങ് നടപ്പാക്കുന്നത്.
രണ്ടാം ഘട്ടമായി ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ആശുപത്രികൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയങ്ങൾ, ഫ്ലാറ്റുകൾ/അപ്പാർട്ട്‌മെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും റേറ്റിങ് നടപ്പിലാക്കും. സംസ്ഥാനത്തുടനീളം ഗ്രീൻ ലീഫ് റേറ്റിങ് സിസ്റ്റം നടപ്പിലാക്കുന്നതിലൂടെ ശുചിത്വം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സൗഹൃദ നടപടികൾ എന്നിവ ഉറപ്പാക്കുകയും പൊതുജനാരോഗ്യവും സേവന നിലവാരവും ശക്തിപ്പെടുത്തുകയും ചെയ്യും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-30 14:27:43
ലേഖനം നമ്പർ: 1905