ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സുരക്ഷിതത്വവും സാമൂഹിക പുനരധിവാസവും ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് 'സുഭദ്രം' ഭവന പദ്ധതി. സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസവും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സമഗ്രമായ സാമ്പത്തിക സഹായമാണ് ഉറപ്പാക്കുന്നത്.
മൂന്ന് പ്രധാന ഘടകങ്ങൾ
ഭവന നിർമ്മാണത്തിന് നേരിട്ടുള്ള ധനസഹായം: സ്വന്തമായി ഭൂമിയുള്ളതും എന്നാൽ ഭവന പദ്ധതികളിൽ ഉൾപ്പെടാത്തതുമായ വ്യക്തികൾക്ക് വീട് നിർമ്മിക്കുന്നതിനായി പരമാവധി ആറ് ലക്ഷം രൂപ ധനസഹായം നൽകും.
ഗ്യാപ്പ് ഫണ്ട്: ലൈഫ് മിഷൻ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് അധിക സഹായമായി പരമാവധി രണ്ട് ലക്ഷം രൂപ ഗ്യാപ്പ് ഫണ്ടായി അനുവദിക്കും.
വായ്പാ സൗകര്യം: സ്വന്തമായി ഭൂമിയോ ഭവനമോ ഇല്ലാത്ത ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനുമായി അംഗീകൃത ധനകാര്യ സ്ഥാപനത്തിൽനിന്ന് പരമാവധി 15 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. ഈ വായ്പയുടെ പലിശവിഹിതം സർക്കാർ അടയ്ക്കും.
ഭവന നിർമ്മാണത്തിനുള്ള അപേക്ഷകൾ വിലയിരുത്തി അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയായി. ആദ്യഘട്ടമായി ആറ് പേർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്.
ട്രാൻസ്‌ജെൻഡർ നയം ഇന്ത്യയിൽ ആദ്യമായി ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ നയം നിലവിൽ വന്നതിനെ തുടർന്ന് ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ മേഖലയിൽ നിരവധി നൂതനമായ ഇടപെടലുകൾ നടത്താൻ സർക്കാരിന് സാധിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ, സാമൂഹ്യ സുരക്ഷ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് 'മഴവില്ല്' എന്ന പേരിൽ ഒരു സമഗ്ര പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-31 14:30:08
ലേഖനം നമ്പർ: 1904