കേരളത്തിലെ ഭിന്നശേഷിക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്ര പുനരധിവാസം ഉറപ്പാക്കുന്നതിനായി ‘സുശക്തി‘ എന്ന പേരിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നു. സ്വാശ്രയ കൂട്ടായ്മകളായി പ്രവർത്തിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനാണ് നിർവഹിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ രജിസ്റ്റേർഡ് ഓഫീസ് സംഘത്തിന്റെ സംസ്ഥാനതല നിർവ്വഹണകേന്ദ്രമായി പ്രവർത്തിക്കും.
ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉൾപ്പെടുത്തി, അവരുടെ സാമൂഹിക, സാമ്പത്തിക, മാനസിക, കലാ-കായിക, സാംസ്കാരിക സ്വയംപര്യാപ്തത ഉറപ്പാക്കുക എന്നതാണ് ‘സുശക്തി’യുടെ പ്രധാന ദൗത്യം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തി വർധിപ്പിക്കുകയും അവയുടെ ലക്ഷ്യങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിനും ഈ കൂട്ടായ്മ നിർണായക പിന്തുണ നൽകും.
ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളെയും, സുശക്തി അംഗത്വത്തിന് അർഹതയുള്ള അവരുടെ രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. നാൽപ്പതു ശതമാനമോ അതിൽ കൂടുതലോ വെല്ലുവിളി നേരിടുന്ന, സ്ത്രീ/പുരുഷൻ/ട്രാൻസ്‌ജെന്റർ വിഭാഗത്തിലുൾപ്പെട്ട 10 മുതൽ 20 വരെ വ്യക്തികളുടെ കൂട്ടായ്മയായിരിക്കും ഇത്.
1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമ്മസംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്താണ് സുശക്തി പ്രവർത്തിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജൻസികളുടെയും സാമ്പത്തിക വികസനവും സാമൂഹിക നീതിയും ലക്ഷ്യം വച്ചുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിൽ സുശക്തി പങ്കാളിത്തം വഹിക്കും. ഭിന്നശേഷിക്കാരുടെ ശാക്തീകരണം, ഭിന്നശേഷി സൗഹൃദം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, ആതുരസേവനം, സാമൂഹ്യ നീതി, സദ്ഭരണം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികളുടെ ആസൂത്രണ-നിർവ്വഹണ പ്രവർത്തനങ്ങളിലും സുശക്തി പങ്കാളിയാകും.
സുശക്തി യൂണിറ്റുകളുടെ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ തലത്തിലെ അപ്പെക്സ് ബോഡിയായി സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രവർത്തിക്കും. ജില്ലാതലത്തിൽ, സുശക്തി ലോക്കൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളുടെ സെക്രട്ടറിമാരിൽ നിന്നോ പ്രസിഡന്റുമാരിൽ നിന്നോ സുശക്തി സംസ്ഥാന മിഷന്റെ ഗവേണിംഗ് ബോഡി നോമിനേറ്റ് ചെയ്യുന്ന ഒരു ചെയർമാൻ ഉൾപ്പെടെ പരമാവധി 15 അംഗങ്ങൾ അടങ്ങിയ സുശക്തി ജില്ലാ ഘടകം ഉണ്ടാകും. ജില്ലയിലെ യൂണിറ്റുകളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ ഘടകം മേൽനോട്ടം വഹിക്കും. കൂടാതെ, ബാങ്ക് ലിങ്കേജ് വായ്പ ലഭ്യമാക്കുന്നതിനും ജില്ലാ ഘടകം മേൽനോട്ടം വഹിക്കും. സംസ്ഥാനതല സുശക്തിയ്ക്ക് സാമൂഹ്യനീതി മന്ത്രി ചെയർപേഴ്സണായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഒരു ഗവേണിംഗ് ബോഡിയും ഉണ്ടാകും.
ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് മുഖ്യ ലക്ഷ്യം. അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും സുശക്തി സ്വയംസഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവനസൗകര്യം ലഭ്യമാക്കും.
യൂണിറ്റ് തലത്തിലെ അംഗങ്ങളുടെ ഇടയിൽ നിക്ഷേപം, സമ്പാദ്യം, മിതവ്യയ വായ്പ തുടങ്ങിയ എല്ലാവിധ ധനവിനിയോഗ പരിപാടികളും കാര്യക്ഷമമായി നടപ്പിലാക്കുക സുശക്തിയുടെ ചുമതലയായിരിക്കും. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായ സ്വാശ്രയത്വം ആർജ്ജിക്കാൻ ഉതകുന്ന തരത്തിലുള്ള ആശയപരവും ശാസ്ത്രീയവും സാങ്കേതികവുമായ പരിശീലനങ്ങളും ഇതുവഴി നൽകും.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രസാങ്കേതിക അറിവുകളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തി, അവ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന്, സ്വന്തം വെല്ലുവിളികളെയും പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റി പൊതുസമൂഹത്തിന് മാതൃകയാക്കാവുന്ന തലത്തിലേക്ക് സുശക്തി അംഗങ്ങളെ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഭിന്നശേഷി വിഭാഗം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നുള്ള ബോധം ഈ വിഭാഗത്തിനിടയിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്നതിന് ആവശ്യമായ അവകാശ സംരക്ഷണത്തിനാവശ്യമായ ഇടപെടലുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും സുശക്തി ഏറ്റെടുക്കും.
ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും തുല്യനീതിയും അവകാശമാണെന്ന ബോദ്ധ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാശ്രയത്വം നേടുന്നതിനൊപ്പം, സേവനതല്പരതയും ഭിന്നശേഷി വിഭാഗക്കാർക്കിടയിൽ വളർത്തിയെടുക്കാൻ സുശക്തി പ്രവർത്തിക്കും. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, ലഹരി ഉപയോഗം, ചൂഷണം തുടങ്ങിയ എല്ലാവിധ സാമൂഹ്യതിന്മകൾക്കുമെതിരെ പുരോഗമനാത്മകമായ നിലപാട് സ്വീകരിച്ചുകൊണ്ടാവും സുശക്തിയുടെ പ്രവർത്തനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-25 12:47:19
ലേഖനം നമ്പർ: 1898