വിജ്ഞാന കേരളം-കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയർ രംഗത്ത് ക്രിയാത്മകമായ മുന്നേറ്റം നടത്താൻ 'സാന്ത്വന മിത്ര' പദ്ധതിയുമായി കുടുംബശ്രീ. പാലിയേറ്റീവ് കെയർ മേഖലയിലെ തൊഴിലവസരങ്ങൾ കണ്ടെത്തി കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പരിശീലനം ലഭിച്ച സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ ഒരു ശൃംഖല സംസ്ഥാനത്തുടനീളം രൂപീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ വകുപ്പിൻ്റെയും തദ്ദേശസ്വയംഭരണ വകുപ്പിൻ്റേയും വിജ്ഞാന കേരളത്തിൻ്റേയും സംയുക്ത ഇടപെടലോടെ ആരംഭിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് ഓരോ തദ്ദേശ സ്ഥാപനത്തിലും സാന്ത്വന പരിചരണം ആവശ്യമായ എല്ലാവർക്കും ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ 50,000 പേർക്ക് പരിശീലനം നൽകി രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നത്, ആദ്യഘട്ടമായി 10,000 പേർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.

കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം (സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടം) വഴി ഇത്തരം കുടുംബങ്ങളെ കണ്ടെത്തി, ഹോം നേഴ്സ് സേവനം ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും മികച്ച പരിശീലനം ലഭിച്ചവരുടെ സേവനം മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് രൂപീകരിക്കുന്നത്. ഇത്തരം സേവനം നൽകുന്നവരെ "സാന്ത്വന മിത്ര" എന്ന പേരിലായിരിക്കും അറിയപ്പെടുക. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ സാങ്കേതിക നേതൃത്വവും പരിശീലനവും സാന്ത്വന മിത്രക്ക് ലഭിക്കും. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ എ.ഡി.എസുകൾ മുഖേന ഓരോ വാർഡിലും ഗൃഹസന്ദർശനം നടത്തി കിടപ്പുരോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ ഈ കുടുംബങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും. കൂടാതെ, പാലിയേറ്റീവ് കെയർ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള അയൽക്കൂട്ടാംഗങ്ങളെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നൽകി സേവനങ്ങൾ ആവശ്യമായവരിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ പരിചരണ സേവകരായി പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങളെ ഒരു വർഷത്തിനുള്ളിൽ സർട്ടിഫൈഡ് കെയർ ടേക്കർമാരാക്കി മാറ്റുന്നതിനായി അനുയോജ്യമായ കോഴ്സുകളിൽ കുടുംബശ്രീയും കെ-ഡിസ്‌കും സംയുക്തമായി പരിശീലനം നൽകും. കേരള പാലിയേറ്റീവ് കെയർ ഗ്രിഡ് ഡാറ്റാ പ്രകാരം കേരളത്തിൽ 1.96 ലക്ഷം കിടപ്പുരോഗികളാണുള്ളത് ഈ പശ്ചാത്തലത്തിൽ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്.

നിലവിൽ, വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കെ 4 കെയർ പദ്ധതി കുടുംബശ്രീയുടെ കീഴിൽ വിജയകരമായി നടപ്പാക്കി വരികയാണ്. നിപ്മർ, എച്ച്.എഫ്.എൽ.പി.പി.റ്റി, ആസ്പിരൻ്റ് ലേണിങ്ങ് അക്കാദമി പോലുള്ള പ്രശസ്ത പരിശീലന സ്ഥാപനങ്ങളിലൂടെ പരിശീലനം നേടിയ 895 കെ 4 കെയർ എക്‌സിക്യൂട്ടീവുകൾ നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കെ ഫോർ കെയർ പദ്ധതിയിൽ രണ്ട് മാസം നീണ്ട പരിശീലനം പൂർത്തിയാക്കിയ പ്രൊഫഷണലുകളെയാണ് സജ്ജമാക്കുന്നത്, എന്നാൽ 'സാന്ത്വന മിത്ര' പദ്ധതിയിൽ 7 ദിവസത്തെ പരിശീലനം നേടിയവരെയാണ് രംഗത്തിറക്കുക. നിലവിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പുറമെ പുതിയ പദ്ധതി കൂടി നിലവിൽ വരുന്നതോടെ പാലിയേറ്റീവ് കെയർ മേഖലയിൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം കുടുംബശ്രീ വനിതകൾക്ക് പുതിയ തൊഴിൽ സുരക്ഷയും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-15 12:15:50

ലേഖനം നമ്പർ: 1888

sitelisthead