കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ ആയ 'യാനം' ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും. യാത്രയും എഴുത്തനുഭവങ്ങളും ഒത്തുചേരുന്ന ഈ സാഹിത്യോത്സവം, യാത്രകളെ സ്നേഹിക്കുന്നവരുടെ ഏറ്റവും വലിയ സംഗമവേദിയായി മാറും.

'സെലിബ്രേറ്റിംഗ് വേഡ്‌സ് ആൻഡ് വാണ്ടർലസ്റ്റ്' എന്നതാണ് ഫെസ്റ്റിവെലിൻ്റെ കേന്ദ്രപ്രമേയം. ലോകത്താകെയുള്ള സഞ്ചാര സാഹിത്യ മേഖലയിൽ കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനായി കൂടുതൽ അടയാളപ്പെടുത്താനാണ് ഈ സാഹിത്യോത്സവം ലക്ഷ്യമിടുന്നത്. ലോകത്ത് സഞ്ചാര സാഹിത്യത്തിന് വലിയ വായനക്കാരുള്ള പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള യാത്രാ എഴുത്തുകാരെയും പ്രൊഫഷണലുകളെയും ഒന്നിച്ചെത്തിക്കാൻ 'യാനം' വേദിയൊരുക്കും.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 50ലേറെ പ്രഭാഷകരാണ് യാനം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. എഴുത്തുകാർ, കലാകാരൻമാർ, ഡോക്യുമെൻ്ററി സംവിധായകർ, വ്‌ളോഗർമാർ, സാഹസിക സഞ്ചാരികൾ, പാചക രംഗത്തെ പ്രഗത്ഭർ എന്നിവർക്കുള്ള കൂടിച്ചേരലിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദിയാണിത്.

ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, എഴുത്തുകാരി കെ.ആർ. മീര, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ എന്നിവർ 'ഇൻ സെർച്ച് ഓഫ് സ്റ്റോറീസ് ആൻഡ് കാരക്ടേഴ്‌സ്' എന്ന ആദ്യ സെഷനിൽ പങ്കെടുക്കും. ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും പങ്കെടുക്കും. പ്രസിദ്ധ യാത്രാ ഡോക്യുമെൻ്ററി നിർമ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്‌ളോഗർ കൃതിക ഗോയൽ എന്നിവരും ഫെസ്റ്റിവെലിൻ്റെ ഭാഗമാകും.

എഴുത്ത്, ഫോട്ടോഗ്രഫി, ആയുർസൗഖ്യം (വെൽനെസ്) തുടങ്ങിയ വിഷയങ്ങളിൽ പരിശീലന കളരികളും 'യാനത്തിൻ്റെ' ഭാഗമായി നടക്കും. ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച വ്യത്യസ്തമായ സമ്മേളനങ്ങളുടെ മാതൃകയിലാണ് 'യാനം' ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പുതിയകാല ടൂറിസം മാതൃകയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ സാഹിത്യോത്സവത്തിൽ രൂപപ്പെടും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-15 17:43:15

ലേഖനം നമ്പർ: 1891

sitelisthead