കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കി സമഗ്ര പരിരക്ഷയൊരുക്കുന്നതിന് , രാജ്യത്തെ ആദ്യ വിഷവാതക ചോർച്ച മുന്നറിയിപ്പ് സംവിധാനം റിമോട്ട് സെൻസിങ് എനേബിൾഡ് ഓൺ‌ലൈൻ കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം അഥവാ റോസേഴ്സ് (ROCERS)  ഗവേഷണ പദ്ധതിയുമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ്.  വ്യവസായ അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ സംവിധാനമാണിത്.  

 രാസവസ്തുക്കളുടെ ചോർച്ച മൂലമുണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളിൽ വേഗത്തിലും ഫലപ്രദമായും തീരുമാനമെടുക്കുന്നതിനായി ഭരണസംവിധാനത്തെ സഹായിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഡിസിഷൻ  സപ്പോർട്ട്  സിസ്റ്റം സംവിധാനമാണ്  റോസേഴ്സ്. വ്യവസായ അപകടങ്ങളുണ്ടാകുമ്പോൾ, വിഷവാതക ചോർച്ചയുടെ 'ഇംപാക്ട് സോണിൽ' (അപകടസാധ്യതയുള്ള പ്രദേശം) താമസിക്കുന്നവർക്ക് മൊബൈൽ എസ്.എം.എസ്. അലർട്ടുകൾ വഴി മുന്നറിയിപ്പ് നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. 

കേരളത്തിലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO)ഭാഗമായ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററുമായി (NRSC), ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജി (DAE)യും, ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ചും (IGCAR) സഹകരിച്ചാണ് റോസേഴ്സ് സംവിധാനം രൂപകൽപ്ന ചെയ്തത്.

സ്പേസ് അധിഷ്ഠിത സാങ്കേതികവിദ്യകളെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) ടൂളുകളുമായി സമന്വയിപ്പിച്ചാണ് ROCERS പ്രവർത്തിക്കുക. കെമിക്കൽ ചോർച്ച ഉണ്ടായാൽ, അതിൻ്റെ വ്യാപനത്തെക്കുറിച്ച് പഠനം നടത്തി, ജിയോ ഇൻഫർമേഷൻ സിസ്റ്റം (GIS) മാപ്പിംഗ് വഴി അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്താനും അടിയന്തര തീരുമാനങ്ങൾ എടുക്കുന്നവർക്ക് ഉപദേശം നൽകാനും ഈ സംവിധാനം സഹായിക്കും.

ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രധാന അപകടസാധ്യതയുള്ള യൂണിറ്റുകളിൽ വെതർ മോണിറ്ററിംഗ് സ്റ്റേഷനുകളും കസ്റ്റമൈസ്ഡ് സെൻസറുകളും സ്ഥാപിക്കും. ഈ സെൻസറുകൾ കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ, താപനില, രാസവസ്തുക്കളുടെ സാന്ദ്രത തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് രാസവസ്തുക്കൾ ഏത് ദിശയിലേക്ക് എത്രത്തോളം വ്യാപിക്കുമെന്ന് കമ്പ്യൂട്ടർ മോഡലിംഗ് വഴി വിശകലനം ചെയ്യും. വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുള്ള മേഖലയിലുള്ളവർക്ക് അവരുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസ്. അലർട്ടുകൾ ലഭിക്കും. ഏത് രാസവസ്തുവാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അടിയന്തര ഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും ഈ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും, ജനങ്ങളെ ഒഴിപ്പിക്കുന്നതിനും റോസേഴ്സ് സഹായകമാകും.

പദ്ധതിയുടെ ആദ്യഘട്ടം കൊച്ചിയിലെ എഫ്.എ.സി.ടി (FACT) അമ്പലമുകളിലെ ക്രയോജനിക് അമോണിയ സ്റ്റോറേജ് കേന്ദ്രത്തിലാണ് നടപ്പിലാക്കിയത്. ഈ വ്യവസായ മേഖലയ്ക്ക് ചുറ്റും ധാരാളം ജനവാസ കേന്ദ്രങ്ങൾ ഉള്ളത് പരിഗണിച്ചാണ് ഈ കേന്ദ്രം തിരഞ്ഞെടുത്തത്.വിജയകരമായ ആദ്യ ഘട്ടത്തിന് ശേഷം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. രാസ ചോർച്ച കൂടാതെ, തീപിടിത്തം, സ്ഫോടനം തുടങ്ങിയ മറ്റ് വ്യവസായ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകാനും, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ടാങ്കറുകൾ ഉൾപ്പെടെയുള്ള അപകടകരമായ ചരക്ക് വാഹകരെ നിരീക്ഷിക്കാനും ഭാവിയിൽ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാക്കിക്കൊണ്ട് സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ സുപ്രധാന ചുവടുവയ്പ്പായി റോസേഴ്സ് മാറുന്നു.

വിഷവാതക ചോർച്ച മുന്നറിയിപ്പ് സംവിധാനം

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-14 17:43:34

ലേഖനം നമ്പർ: 1889

sitelisthead