ആഗോള സമുദ്ര വ്യാപാരത്തിൽ പുതിയ മുന്നേറ്റമൊരുക്കി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചു. എംടി ഷോൺ 1 കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എംഎസ്‍സി അക്കിറ്റെറ്റ കപ്പലിലാണ് വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (VLSFO) നിറച്ചത്.
കപ്പലുകളിൽ ഇന്ധനം നിറയ്ക്കാനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും, ഷിപ്പ്-ടു-ഷിപ്പ് ബങ്കറിംഗ് സേവനത്തിലൂടെ ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധന നിറയ്ക്കൽ കേന്ദ്രമായി വിഴിഞ്ഞത്തെ രൂപപ്പെടുത്താനും ഈ പദ്ധതി ഉപകാരപ്രദമാകും.
2024 ജൂലൈ 11 മുതൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 525 കപ്പലുകൾ എത്തിയിട്ടുണ്ട്. ഇതിലൂടെ 11.50 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യപ്പെട്ടു. രാജ്യത്ത് വൻ മദർഷിപ്പുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന തുറമുഖമായി വിഴിഞ്ഞം ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു.
ചരക്കുഗതാഗത രംഗത്ത് മുൻനിരയിലുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ യൂറോപ്യൻ, ആഫ്രിക്കൻ സർവീസുകൾ എത്തുന്ന ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം. രണ്ടാം ഘട്ടം പൂർത്തിയായാൽ ചരക്കുനീക്കത്തിനായി റെയിൽ കണക്റ്റിവിറ്റി യാഥാർത്ഥ്യമാകും. റോഡ് മാർഗമുള്ള ഗതാഗത സൗകര്യങ്ങളും ഉടൻ സജ്ജമാകും. ഇതിനായി ഗേറ്റ്‌വേ കാർഗോ സംവിധാനത്തിന്റെ ഒരുക്കം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന് നവംബർ അഞ്ചിന് തുടക്കമാകും. രണ്ടുമുതൽ നാലുവരെയുള്ള ഘട്ടം ഒന്നിച്ചാണ് നടപ്പാക്കുക. 2028 ഡിസംബറിനകം പൂർത്തീകരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കുതിച്ചുചാട്ടമുണ്ടാകും. 1200 മീറ്റർ ബെർത്തിന്റെ നിർമാണവും ക്രെയിനുകൾ സ്ഥാപിക്കലും, ഒരു കിലോമീറ്റർ പുലിമുട്ട് നിർമാണം, കണ്ടയ്നർ യാർഡിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റർ വീതമുള്ള മൾട്ടിപർപ്പസ് ബെർത്ത് നിർമാണം, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബെർത്തുകളുടെ (പുലിമുട്ടിനോടനുബന്ധിച്ച്) നിർമാണം, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 ഹെക്ടർ ഭൂമി സൃഷ്ടിക്കൽ എന്നിവയാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇത് പൂർത്തിയാകുന്നതോടെ സ്ഥാപിതശേഷി വർഷം 40 ലക്ഷം കണ്ടെയ്നറാകും. വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥാപിതശേഷിയുള്ള തുറമുഖമാകും. ഒന്നാംഘട്ടത്തിൽ കുറഞ്ഞ സ്ഥാപിതശേഷി 10 ലക്ഷം കണ്ടയ്‌നറായിരുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-21 15:45:43
ലേഖനം നമ്പർ: 1894