ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെയും വ്യക്തികളെയും കരുതലോടെ ചേർത്തുപിടിച്ച്, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് 'അൻപ്' എന്ന തീവ്ര പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു.
സ്നേഹം, വാത്സല്യം എന്നീ അർത്ഥം വരുന്ന തമിഴ് പദമാണ് 'അൻപ്'. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരോട് സമൂഹം പുലർത്തേണ്ട കരുതലിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം ഈ പേര് ഓർമ്മിപ്പിക്കുന്നു. ഈ വിഭാഗത്തിലുള്ളവരുടെ കഴിവുകളും സാധ്യതകളും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും, അവരോടുള്ള മുൻധാരണകൾ മാറ്റിയെടുക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.
അവകാശാധിഷ്ഠിത സമീപനത്തിലൂടെ സാമൂഹ്യനീതി ബോധത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകി, ഇവർക്ക് തുല്യനീതിയും അവസരങ്ങളും ഉറപ്പാക്കുക എന്നതും ലക്ഷ്യങ്ങളിലൊന്നാണ്. ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രചിച്ച ‘എന്റെ പൂമ്പാറ്റേ’ എന്ന ഗാനവും ഉപയോഗിക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളിയെക്കുറിച്ചും അത് നേരിടുന്നവരെക്കുറിച്ചും സമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകാനും അവരെ ചേർത്തുപിടിക്കാനുമുള്ള സന്ദേശമാണ് തീം സോങ് നൽകുന്നത്.
ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്നതിനായി കലാലയങ്ങളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ സഹായത്തോടെ പിഗ്ഗി ബാങ്കുകൾ ഒരുക്കും. ഇത് പഠനകാലത്തു തന്നെ ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ മനസ്സിലാക്കാനും അവരെ ചേർത്തുപിടിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കും. ഭിന്നശേഷി, വയോജനം, ട്രാൻസ്‌ജെൻഡർ, പ്രൊബേഷൻ സേവനം, ക്ഷേമ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നീ അഞ്ച് പ്രധാന മേഖലകളിൽ നവകാഴ്ചപ്പാടുകൾ രൂപപ്പെടുത്താനുള്ള സാമൂഹ്യനീതി വകുപ്പിന്റെ വിശാലമായ 'വിഷൻ 2031' നയരേഖയുടെ ഭാഗമായാണ് 'അൻപ്' പദ്ധതി നടപ്പിലാക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-25 12:12:59
ലേഖനം നമ്പർ: 1897