വിദ്യാർഥികൾക്ക് പഠനത്തിനൊപ്പം തൊഴിലവസരമൊരുക്കുന്നതിനയായി ഇന്റേൺഷിപ്പ് കേരള പോർട്ടൽ ആരംഭിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാം പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് പോർട്ടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെ.എസ്.എച്ച്.ഇ.സി) കെൽട്രോണുമായി സഹകരിച്ചാണ് internshipkerala.org എന്ന ഏകീകൃത പോർട്ടൽ വികസിപ്പിച്ചത്.

സംസ്ഥാനത്തെ വിദ്യാർത്ഥികൾ, സർവകലാശാലകൾ, വ്യവസായങ്ങൾ എന്നിവയെ തമ്മിൽ ഒരു പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഉറപ്പാക്കുകയാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം. ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ മേഖലയും തമ്മിലുള്ള വിടവ് ഫലപ്രദമായി കുറയ്ക്കുന്ന ഇടനാഴിയായി ‘ഇന്റേൺഷിപ്പ് കേരള’ പോർട്ടൽ പ്രവർത്തിക്കും. അറുന്നൂറോളം സ്ഥാപനങ്ങളാണ്‌ ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത്‌. ബാങ്കിങ് ആൻഡ് ഫിനാൻസ്, ലോജിസ്റ്റിക്‌സ്‌, ആരോഗ്യം, ടൂറിസം, വസ്‌ത്രമേഖല, മീഡിയ ആൻഡ് എന്റർടെയിൻമെന്റ്, റോബോട്ടിക്‌സ്‌, സ്‌പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖലകളിലാണ് കൂടുതൽ രജിസ്ട്രേഷൻ. 

നാല് വർഷ ബിരുദ കോഴ്സിന്റെ നാലാം, എട്ടാം സെമസ്റ്ററുകളിൽ ഇന്റേൺഷിപ്പ് നിർബന്ധിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പെയ്ഡ്, സ്റ്റൈപൻഡ്, സൗജന്യമായ ഇന്റേൺഷിപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് അവസരങ്ങൾ ലഭ്യമാകുന്നത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കാലയളവിനനുസരിച്ച് രണ്ട് മുതൽ നാല് ക്രെഡിറ്റ് വരെ ലഭിക്കും.

പാഠ്യവിഷയത്തിന് അനുസരിച്ചാകും ഇന്റേൺഷിപ്പിനുള്ള സ്ഥാപനം തെരഞ്ഞെടുക്കുക. വിദ്യാർഥിക്ക് സ്വന്തം പ്രൊഫൈൽ തയ്യാറാക്കാം. പഠിക്കുന്ന വിഷയം, അഭിരുചി എന്നിവ അനുസരിച്ച് ഇന്റേൺഷിപ്പ് തെരഞ്ഞെടുക്കാം. ഏകോപനത്തിന് സംസ്ഥാന, ജില്ലാ കോ–ഓഡിനേറ്റർമാരെ നിയമിക്കും. കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെയും നൈപുണ്യവികസന കേന്ദ്രങ്ങളുടെയും കോ ഓർഡിനേറ്റർമാർ പോർട്ടലിന്റെ നോഡൽ ഓഫീസർമാരാകും. സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസികളെ സ്‌കിൽ കോഴ്സുകൾ പ്രദാനം ചെയ്യാൻ പോർട്ടലിൽ എംപാനൽ ചെയ്തിട്ടുണ്ട്. 

നവീകരണം, നൈപുണ്യ വികസനം, സമഗ്ര വിദ്യാഭ്യാസം എന്നിവയോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും പോർട്ടൽ വഴിയൊരുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-10-25 14:56:44

ലേഖനം നമ്പർ: 1899

sitelisthead