കേരളത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കുക എന്ന ലക്ഷ്യത്തോടെ ത്രിദിന ആഗോള ലിംഗസമത്വ ഉത്തരവാദിത്വ ടൂറിസം  വനിതാ സമ്മേളനം ഇടുക്കി ജില്ലയിലെ മൂന്നാറിൽ നവംബർ 30 മുതൽ ഡിസംബർ 2 വരെ സംഘടിപ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി, യു.എൻ. വിമെൻ എന്നിവയുടെ   ആഭിമുഖ്യത്തിലാണ് ആഗോള സമ്മേളനം നടന്നത് . ലിംഗഭേദവും സ്ത്രീ സൗഹൃദവും കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം സമ്മേളനമാണ് ഇത്. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകി ലോകത്തിനു തന്നെ മാതൃകയായി തീർന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സുസ്ഥിരതയാർന്ന സ്ത്രീ സൗഹൃദ പ്രവർത്തനങ്ങളുടെ മികവ് പ്രകടമാക്കുകയെന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിന് ഊന്നൽ നൽകി  ടൂറിസം മേഖലയെ സമ്പൂർണ സ്ത്രീ സൗഹൃദമാക്കാൻ സർക്കാർ പ്രത്യേക നയംരൂപീകരിക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാരമേഖലയിൽ നിലവിലുള്ള സ്ത്രീ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചു. ലിംഗസമത്വവും സ്ത്രീ സൗഹൃദവുമായ ടൂറിസത്തെ പറ്റിയുള്ള കേരളത്തിന്റെ പ്രഖ്യാപനമായിരുന്നു സമ്മേളനത്തിന്റെ പ്രധാന ആകർഷണം.

ടൂറിസം മേഖലയിലെ വനിതാ സംരംഭകരെയും താഴെത്തട്ടിലുള്ള വനിതാ പ്രതിഭകളെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. 100 ശതമാനം ലിംഗനീതിയും സ്ത്രീകൾക്ക് സുരക്ഷിതമായ യാത്രയും ഉറപ്പാക്കാനുള്ള സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയെ ലോകരാജ്യങ്ങളുടെ മുന്നിൽ പ്രതിഫലിപ്പിക്കുന്നതായി അന്താരാഷ്ട്ര വനിതാ സമ്മേളനം മാറി. 'ജൻഡർ ഇൻക്ലുസീവ്- ഉത്തരവാദിത്ത ടൂറിസം'; 'സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ടൂറിസം' ; 'ടൂറിസത്തിലെ വനിതാ സംരംഭകത്വം';'സുരക്ഷ, ഉൾക്കൊള്ളൽ ആഗോള പ്രവണതകൾ: സ്ത്രീ സൗഹൃദ ടൂറിസത്തിന്റെ ഭാവിയും വെല്ലുവിളികളും' ;'പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കൽ' ലോക ടൂറിസം മാതൃകകളിലെ സ്ത്രീകൾ', ടൂറിസത്തിലെ സുസ്ഥിര രീതികൾ; കേരള ടൂറിസം സ്ത്രീകൾക്കായി നടപ്പാക്കുന്ന പദ്ധതികൾ', 'ശാക്തീകരണ പ്രവർത്തനങ്ങൾ: ടൂറിസത്തിലെ വനിതാ സംരംഭകരുടെ ആവേശകരമായ സഞ്ചാരങ്ങൾ' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾക്ക് പുറമെ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പങ്കാളികൾക്കിടയിൽ നൂതന ആശയങ്ങൾ കൈമാറ്റം ചെയ്യുന്നതിനുമുള്ള ചലനാത്മക അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനു പുറമെ സഹകരണത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്ന ത്രിദിന പ്രദർശനവും B2B നെറ്റ്വർക്കിംഗ് സെഷനും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ടൂറിസം മേഖലയിൽ സ്ത്രീകൾ, ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് തുല്യമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രത്യേക നയം രൂപീകരിക്കുമെന്ന് ആഗോള ലിംഗസമത്വ-ഉത്തരവാദിത്ത വനിതാ സമ്മേളനം പ്രഖ്യാപനം നടത്തി. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളും ഒപ്പു വച്ച പ്രഖ്യാപനം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.


ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്നതിന് വേണ്ടി മൂന്നിന മൂല്യങ്ങളും നാല് കർമ്മപദ്ധതിയുമാണ് പ്രഖ്യാപനത്തിലുള്ളത്. പങ്കാളിത്തവും ലിംഗസമത്വവും എന്ന പ്രമേയത്തിൽ ഒമ്പത് നിർദ്ദേശങ്ങളുണ്ട്. സ്ത്രീകൾ, ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർക്ക് ടൂറിസം മേഖലയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി നയം രൂപീകരിക്കാനായി ശ്രമം നടത്തും. ടൂറിസം വ്യവസായത്തിൽ നേതൃസ്ഥാനം, തീരുമാനങ്ങളെടുക്കൽ എന്നിവയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. സംരംഭങ്ങൾ നടത്തുന്നതിനും ബിസിനസ് മാനേജ്മൻറിനുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും. തൊഴിലിടങ്ങളിലും ടൂറിസം മേഖലയിലും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് ദ്രുതകർമ്മ പദ്ധതി നടപ്പാക്കും. മികച്ച ശൗചാലയ സംവിധാനം ഏർപ്പെടുത്തും. ലിംഗനീതി ഉറപ്പാക്കി കരാർ ജോലിയിലുൾപ്പെടെ തുല്യവേതനം നടപ്പാക്കും. ടൂറിസത്തിൽ സ്ത്രീകളെ സംബന്ധിച്ച പൊതുധാരണകൾ മാറ്റുന്നിനായി വിവിധ മാധ്യമങ്ങൾ വഴി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ. പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകൾക്കുള്ള പങ്കിന് അംഗീകാരം നൽകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം ശീലങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകും. സുസ്ഥിര ടൂറിസം ശീലങ്ങൾ നടപ്പാക്കുന്ന വനിതാ സംരംഭകർക്ക് പ്രത്യേക പ്രചാരം നൽകും. ടൂറിസം വികസനത്തിലൂടെ പ്രാദേശിക സംസ്‌ക്കാരം നിലനിറുത്തുകയും സാംസ്‌ക്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പ് വരുത്തും. വനിതാ സംരംഭകർക്ക് ഹ്രസ്വ-ചെറുകിട-ഇടത്തരം വായ്പകൾ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സാമ്പത്തികമായി തുല്യത ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് പ്രഖ്യാപനത്തിൽ രേഖപ്പെടുത്തി.

ടൂറിസം പദ്ധതിരേഖയിൽ ലിംഗസമത്വം ഉറപ്പുവരുത്തുകയും സ്ത്രീസൗഹൃദ പദ്ധതികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. സ്ത്രീസൗഹൃദവും ലിംഗസമത്വവും ടൂറിസം മേഖലയിലെ എല്ലാ പങ്കാളികളും നടപ്പിൽ വരുത്താനായി സഹകരണം നടത്തും. ലിംഗസമത്വവും സ്ത്രീസൗഹൃദ നടപടികളും കൃത്യമായ ഇടവേളകളിൽ മേൽനോട്ടം നടത്താനും വിലയിരുത്താനുമുള്ള സംവിധാനം കൊണ്ടു വരും. ടൂറിസത്തിൽ സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം നടത്തുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

2008 ൽ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം 25,188 രജിസ്റ്റർ ചെയ്ത യൂണിറ്റുകളുള്ള ഒരു വലിയ ബഹുജന മുന്നേറ്റമായി പരിണമിച്ചു. ഇതിൽ 17,632 യൂണിറ്റുകൾ പൂർണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കിൽ സ്ത്രീകൾ നേതൃത്വം നൽകുന്നതോ ആണ്. 52,000-ത്തിലധികം ആളുകൾക്ക് നേരിട്ടും 98,432 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ആണ്. കല-കരകൗശല, പരമ്പരാഗത ഉപജീവന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള സ്ത്രീ സൗഹൃദ ടൂറിസം വിനോദസഞ്ചാരമേഖലയ്ക്കാകെ പുത്തൻ ഉണർവേകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-05 11:05:08

ലേഖനം നമ്പർ: 1588

sitelisthead