ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ സംസ്ഥാനത്തിന്റെ വികസന മാതൃകകൾക്ക് നേർകാഴ്ചയൊരുക്കിയ കേരളം പവലിയന് വെള്ളി അവാർഡ് . സ്വച്ഛ് പവലിയൻ ക്യാറ്റഗറിയിൽ , എക്‌സിബിറ്റർമാർക്കും സന്ദർശകർക്കും ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തിയതിനാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത് . ഗോവയ്ക്ക് സ്വർണം, കേരളത്തിന് വെള്ളി, ഹരിയാനയ്ക്ക് വെങ്കലം മെഡലുകളും ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവയ്ക്കും പ്രത്യേക പുരസ്‌കാരങ്ങളും ലഭിച്ചു. ന്യൂ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെ സംഘടിപ്പിച്ച 43-ാം മത് ഭാരത അന്താരാഷ്ട്ര വ്യാപാര മേള 'വികസിത് ഭാരത് @ 2047' എന്ന തീമിലാണ് സംഘടിപ്പിച്ചത്.
സ്വയം പര്യാപ്തത, അഭിവൃദ്ധി, വികസനം അതുപോലെ നവീനവും, സുസ്ഥിരവും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടുള്ള ഭരണ സംവിധനത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും, സാമൂഹ്യ പുരോഗതിയുമാണ് മേളയിൽ പ്രതിനിധാനം ചെയ്തത് .മേളയിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ വകുപ്പുകൾക്കും ഒപ്പം മികവുറ്റ മത്സരമാണ് കേരളം കാഴ്ചവെച്ചത്. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദർശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവും ആസ്പദമാക്കിയ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ സംസ്ഥാനത്തിന്റെ പവലിയൻ ജനശ്രദ്ധയാർജ്ജിച്ചു വ്യാപാരമേളയിലെ പ്രധാന ആകർഷകമായി മാറി. 250 ചതുരശ്ര മീറ്ററിൽ ക്രമീകരിച്ചിരിക്കുന്ന കേരള പവലിയനിൽ 24 സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.കേരള പവലിയനിൽ അണിനിരന്ന 24 സ്റ്റാളുകളിൽ മികവു തെളിയിച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളിൽ ബെസ്റ്റ് എക്സിബിറ്റർ ശ്രേണിയിൽ ഒന്നാം സ്ഥാനം കേരള സ്റ്റേറ്റ് ബാംബു മിഷനും കയർ വികസന വകുപ്പും രണ്ടാം സ്ഥാനം വാണിജ്യ വ്യവസായ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും പങ്കിട്ടു. മികച്ച ഉപഭോക്തൃ സേവനത്തിനുള്ള ഒന്നാം സ്ഥാനം അതിരപ്പിള്ളി ട്രൈബൽ വാലി അഗ്രികൾച്ചറൽ പ്രൊജകറ്റും രണ്ടാം സ്ഥാനം ഔഷധിയും കരസ്ഥമാക്കി. ഓവറോൾ പെർഫോമൻസിനുള്ള ഒന്നാം സ്ഥാനം കേരള സ്റ്റേറ്റ് മാർക്കറ്റ് ഫെഡും രണ്ടാം സ്ഥാനം സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ ( സാഫ്) നേടി. ഏറ്റവും നല്ല ഫുഡ് കോർട്ടിനുള്ള ഒന്നാം സ്ഥാനം കുടുംബശ്രീയും കരസ്ഥമാക്കി.
വളർച്ചാ സൂചികയിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ച സാങ്കേതിക മേഖല, ആരോഗ്യരംഗം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീൻ എനർജി, വ്യവസായ സൗഹൃദനയമായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവയെല്ലാം പവലിയൻ ഒരുക്കാനുള്ള ആശയത്തിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യാന്തര വ്യാപാരമേളയിൽ രുചിയുടെയും കരകൗശലത്തിന്റെയും വൈവിധ്യവുമായി കേരള സ്റ്റാളുകൾ ജനസഞ്ചയമായി.ഉണക്കമീൻ മുതൽ വാട്ടു കപ്പ വരെയുള്ള ഭക്ഷ്യ വിഭവങ്ങളും മുളയിൽ തീർത്ത മ്യൂറലും ലാംപ് ഷേഡുകളും സ്പൈസ് ബോക്സും ബ്രാസ് പ്രൊപ്പല്ലറും അടക്കമുള്ള ഉത്പന്നങ്ങളും കേരള പവലിയനെ വേറിട്ടതാക്കി. കേരളത്തിന്റെ തനത് മസാലകളും കറിക്കൂട്ടുകളും സുഗന്ധവ്യജ്ഞനങ്ങളും വേറെ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സ്റ്റാളുകളിൽ താരമായത് ചക്ക ഉത്പന്നങ്ങളാണ്. ചക്ക ബിസ്‌കറ്റ്, ചക്കപ്പുട്ടു പൊടി, ഡിബൈഡ്രേറ്റഡ് ചക്ക, പൈനാപ്പിൾ ഒപ്പം ഫാം ഉത്പന്നങ്ങളും ജനങ്ങളെ ആകർഷിച്ചു. വ്യവസായ വാണിജ്യ വകുപ്പിൻെ സ്റ്റാളുകളിൽ കേരളത്തിലെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ലഭിച്ച ഉത്പന്നങ്ങളുടെ വൻ നിരയാണ് ഒരുക്കിയിരുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന് എന്ന ആശയം ഉൾക്കൊണ്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാളുകൾ തയാറാക്കിയത്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവ ഈ ആശയത്തെ ആസ്പദമാക്കി പ്രദർശിപ്പിച്ചിരുന്നു. കൂടാതെ കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി എന്നിവരുടെ വിൽപ്പന സ്റ്റാളുകളും സജീകരിച്ചിരുന്നു. എസ്ടി ഡിപ്പാർട്ട്മെന്റ് സ്റ്റാളിൽ വനവിഭവങ്ങളായ തേൻ, സൈലന്റ് വാലി കോഫി, തിന,റാഗി,കമ്പ് റവ, ചാമ പൊടി, ജാതിപത്രി എന്നിവയും കുടുംബശ്രീയുടെ സ്റ്റാളിൽ ഹൽവ, അവലോസുണ്ട മുതൽ ഉപ്പേരി ഐറ്റംസ് വരെയും പ്രദർശനത്തിനെത്തി. ഉണങ്ങിയ പാവയ്ക്ക, കാന്താരി എന്നിവയും ലഭ്യം. ഹാൻവീവിലും ഹാന്റെക്സിലും വസ്ത്രങ്ങൾക്ക് 20ശതമാനം വിലകിഴിവോടെയാണ് വിറ്റഴിച്ചത്. ഫിഷറീസ് സ്റ്റാളിൽ സോളാർ ഡ്രൈയിങ് ടെക്നോളജി ഉപയോഗിച്ച് ഉണക്കിയ മീനുകൾ, മീൻ അച്ചാറുകളും വിൽപനയ്‌ക്കെത്തി. ഔഷധി, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, കൈരളി, പഞ്ചായത്ത് വകുപ്പ്, കേരള സ്റ്റൈറ്റ് ബാംബു മിഷൻ, സാംസ്‌കാരിക വകുപ്പ്,മാർക്കറ്റ്ഫെഡ്, അതിരപ്പള്ളിയിലെ തനത് ഉത്പന്നങ്ങൾക്കുള്ള കൃഷി വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഉത്പന്നങ്ങളും കേരള പവലിയനിൽ വേറിട്ടകാഴ്ചയായി.
സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാൻവീവ് , ഹാന്റ് ലൂം & ടെക്സ്റ്റയിൽസ്, കോഓപറേറ്റീവ് സൊസൈറ്റി , മാർക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻന്റി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ( കൈരളി), ബാംബു വികസന കോർപ്പറേഷൻ, കയർ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കേരള ആഗ്രോ സ്റ്റോർ, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവിലിയനിൽ അണിനിരന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-28 17:37:29
ലേഖനം നമ്പർ: 1569