വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ  ദുരന്ത നിവാരണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്  അതിവേഗ സംവിധാനങ്ങൾ സജ്ജമാക്കി കേരളം . ദുരന്തത്തിന്‌ ഇരയായവരെ സംരക്ഷിക്കുന്നതിനും   പിഴവുകളില്ലാത്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും  സർക്കാർ സംവിധാനങ്ങളൊന്നാകെ അതിവേഗം   പ്രവർത്തനസജ്ജമായി. ഉടനടി നടന്ന രക്ഷാപ്രവർത്തനങ്ങൾ, കേന്ദ്ര സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേനാ വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷാ മുൻകരുതലുകൾ , ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളിലൂടെയും  ദൗത്യങ്ങളിലൂടെയും   ശക്തമായ  ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത് .രാപ്പകൽ വ്യത്യാസമില്ലാതെ വിവിധ വകുപ്പുകൾ രക്ഷാദൗത്യത്തിൽ പങ്കാളികളായി. മന്ത്രിമാരും ഉയർന്ന ഉദ്യോ​ഗസ്ഥരും രക്ഷാദൗത്യത്തിന് നേതൃത്വം നൽകുകയും  പൊലീസും ആരോഗ്യവകുപ്പും പിആർഡി കൺട്രോൾ റൂമുകളും ദുരന്ത നിവാരണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 

സത്വരനടപടികളുമായി ആരോ​ഗ്യവകുപ്പ്

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് സത്വരനടപടികൾ സ്വീകരിച്ച് ആരോ​ഗ്യവകുപ്പ്.  ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നൽകി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചു. പോസ്റ്റുമോർട്ടം നടപടികൾ അതിവേ​ഗം പൂർത്തിയാക്കുന്നതിനു വയനാടിലുള്ള ഫോറൻസിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധനകൾ നടത്താനുള്ള സംവിധാനമൊരുക്കി. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കി. മൊബൈൽ മോർച്ചറി സൗകര്യങ്ങൾ ക്രമീകരിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കുന്നതിനും കൂടുതൽ മരുന്നകൾ എത്തിക്കുന്നതിനും നടപടികൾ സ്വീകരിച്ചു. ഗർഭിണികളുടേയും കുട്ടികളുടേയും കാര്യങ്ങൾക്ക് പ്രത്യേകം ശ്രദ്ധ നൽകും. ചൂരൽമല പോളിടെക്നിക്കിൽ താല്ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരൽമലയിൽ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. ജില്ലയിലെ ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കി. സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി, സൈക്യാട്രി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സേവനവും ദുരന്ത മേഖലകളിൽ പ്രവർത്തന പരിചയമുള്ള ഡോക്ടമാരുടെ സേവനവും ലഭ്യമാക്കി. വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സ്റ്റേറ്റ് കൺട്രോൾ റൂം ശക്തിപ്പെടുത്തി 24 മണിക്കൂറാക്കി.  8589001117 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

മാനസികാരോഗ്യ സേവനങ്ങൾ 

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാനസികാഘാതം ലഘൂകരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ  മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിച്ചു. സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരേയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങൾ ഈ ടീം ഉറപ്പാക്കുന്നു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നൽകുന്ന ഐഡി കാർഡുള്ളവരെ മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കൂ. ​

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ആഴ്ചകൾ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉൽകണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ദീർഘകാലം നീണ്ടു നിൽക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകൾ ഊർജിതമായി നിലനിർത്തുവാൻ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് ദുരന്ത ബാധിത മേഖലയിൽ നടപ്പിലാക്കുന്നത്. മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നൽകുവാനും  ശ്രദ്ധ നൽകും. മദ്യം/ലഹരി ഉപയോഗത്തിന്റെ 'വിത്ത്‌ഡ്രോവൽ' ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നൽകി വരുന്നു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റെസ്‌ക്യൂ മിഷൻ പ്രവർത്തകർ എന്നിവർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ടീം നൽകും.

ടെലിഫോൺ വഴിയുള്ള കൗൺസിലിങ്ങിനും മറ്റു മാനസികാരോഗ്യ സേവനങ്ങൾക്കും ടെലി മനസ്സ് ടോൾഫ്രീ നമ്പർ 14416 ൽ ബന്ധപ്പെടാവുന്നതാണ്. ദുരന്ത മേഖലയിലെ കുട്ടികൾക്ക് സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 എന്ന ഹെൽപ് ലൈനിൽ ബന്ധപ്പെടാം.

കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ‘കുട്ടിയിടം’

വയനാട്  ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി ആരംഭിച്ചു. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം കുട്ടിയിടം ഒരുക്കും.

വൈദ്യുതി പുന:സ്ഥാപനം

ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിലുള്ള ടീമുകളെ കെ.എസ്.ഇ.ബി നിയോ​ഗിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കി. കൽപ്പറ്റ ടൗണിലും പ്രധാനപ്പെട്ട ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു.  ദുരന്തഭൂമിയോട് ചേർന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തി.  

ഐ & പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം 

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും ആരംഭിച്ചു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും കൺട്രോൾ റൂം വഴി ലഭിക്കും.  

വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ: 0483-2734387   
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം സെക്രട്ടറിയേറ്റ് : 0471 2327628, 2518637

രക്ഷകരായി അ​ഗ്നിരക്ഷാസേന

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ചൂരൽമലയിലും മറ്റ് ദുരന്തബാധിത പ്രദേശങ്ങളിലും അ​ഗ്നിരക്ഷാ സേന നടത്തിയത്. സേനയുടെ ടെക്‌നിക്കൽ റോപ്പ് റെസ്ക്യൂ ടീം നദി മുറിച്ചു കടന്ന് ആളുകളെ സുരക്ഷിതമായി ഇക്കരെ എത്തിക്കുകയും ഡോക്ടർമാരെയും കൂടുതൽ രക്ഷാപ്രവർത്തകരെയും ഉപകരണങ്ങളും അക്കരെ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം തന്നെ 400 ഓളം പേരെയും 50 ഓളം മരിച്ചവരെയും മറു കരയിലെത്തിച്ചു. രണ്ടാമത്തെ ദിവസം മുതൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മുഴുവൻ ജില്ലകളിൽ നിന്നും കൂടുതൽ സേനാംഗങ്ങളെയും സ്‌കൂബാ ടീമിനെയും, സ്പെഷ്യൽ ടാസ്ക് ഫോഴ്‌സിനെയും, റോപ്പ് റെസ്ക്യൂ ടീമിനെയും എത്തിച്ചു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുത്തി.

ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാം 

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിത ബാധിതതരായവർക്ക് സഹായം നൽകുവാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സംഭാവനകൾ നൽകാം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് എല്ലാ സഹായവും നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. സി.എം.ഡി.ആർ.എഫ് ഔദ്യോഗിക വെബ്സൈറ്റ് വഴി സംഭാവനകൾ നൽകാം. വിവരങ്ങൾക്കായി donation.cmdrf.kerala.gov.in  സന്ദർശിക്കുക.

അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ

ടോൾ ഫ്രീ നമ്പർ : 1077
ജില്ലാ തലം-DEOC:  04936 204151, 9562804151, 8078409770
സു. ബത്തേരി താലൂക്ക് TEOC : 04936 223355,04936 220296 6238461385
മാനന്തവാടി താലൂക്ക് TEOC : 04935 241111, 04935-240231, 9446637748
വൈത്തിരി താലൂക്ക് TEOC: 04936 256100, 8590842965, 9447097705
കൺട്രോൾ റൂം നമ്പറുകൾ  
ഡെപ്യൂട്ടി കളക്ടർ- 8547616025
തഹസിൽദാർ  വൈത്തിരി - 8547616601
കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ  ഓഫീസ് - 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

കാണാതായവരെ കുറിച്ച് വിവരം നൽകാം

വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവരെ കുറിച്ചോ ആശുപത്രിയിലായവരെ കുറിച്ചോ അറിയാനോ വിവരങ്ങൾ പങ്കുവയ്ക്കുവാനോ DEOC വയനാട് - 8078409770 എന്ന നമ്പറിൽ ബന്ധപ്പെടുക

വനം വകുപ്പ് അടിയന്തര ഓപ്പറേഷൻ സെന്ററുകൾ 
 

വയനാട്
94479 79075 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട്) 
91884 07545 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, സൗത്ത് വയനാട്) 
91884 07544 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നോർത്ത് വയനാട്) 
9447979070 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നോർത്തേൺ സർക്കിൾ)

നിലമ്പൂർ 
91884 07537 (എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ, നിലമ്പൂർ സൗത്ത്) 
94479 79065 (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് നിലമ്പൂർ) 
94479 79060 (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്‌റ്റേൺ സർക്കിൾ)

 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-05 17:14:49

ലേഖനം നമ്പർ: 1476

sitelisthead