നവകേരള നിർമ്മിതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ മേഖലയ്ക്ക് നൽകിയ പ്രാധാന്യവും കരുതലും ശ്രദ്ധേയമാണ്. കാലതാമസം ഒഴിവാക്കി ജനാധിപത്യവും സുതാര്യവും നൂതനവുമായ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ പട്ടികജാതി-പട്ടിക വർഗ സമുദായങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന ഉന്നതി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. അരികുവൽക്കരിക്കപ്പെട്ടവരെ നവലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പ്രവർത്തനങ്ങളും പദ്ധതികളുമാണ് പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. 

ഭൂപരിഷകരണ-വികസന പ്രവർത്തനങ്ങൾ

എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെ 2026 നകം എല്ലാ ഭൂരഹിത-ഭവനരഹിത പട്ടികവർഗ്ഗക്കാർക്കും ഭൂമിയും, വീടും നൽകുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 8 വർഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകി. വകുപ്പിന്റെ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിന് രജിസ്‌ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി. കഴിഞ്ഞ 8 വർഷം കൊണ്ട് ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 8278 പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി 4138 ഏക്കർ ഭൂമി വിതരണം ചെയ്തു.

എല്ലാവർക്കും സ്വന്തമായി ഭൂമി എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി55 ൽ നിന്നും 70 ആക്കി ഉയർത്തുകയും, വരുമാന പരിധി 50,000/- ൽ നിന്നും 1,00,000/- രൂപയായി ഉയർത്തുകയും ചെയ്തു. അരുന്ധതീയർ, ചക്ലിയൻ, നായാടി, കളളാടി, വേടൻ എന്നീ ദുർബല വിഭാഗങ്ങൾക്ക് ഭൂമിക്കൊപ്പം പാർപ്പിടമൊരുക്കാൻ 7.5 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. തൊഴിൽ സംരംഭത്തിന് 5 ലക്ഷം രൂപ വരെയും നൽകുന്നു. ഭവന നിർമ്മാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി സർക്കാർ അനുമതിയോടെ പണയപ്പെടുത്താനുള്ള അവകാശം നൽകി. ഭവന നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമി കൈവശമുള്ള ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് വീട് നിർമ്മിക്കുന്നതിനായി പുതിയ ഭൂമിക്ക് അർഹതയുണ്ടായിരിക്കും.

ഭവന നിർമാണ വികസനം: പട്ടികവിഭാഗക്കാരുടെ ഭവന നിർമ്മാണത്തിനായി418 കോടി രൂപ 2021-22 ൽ ലൈഫ്മിഷന് കൈമാറി. 2022-23 ൽ പട്ടികജാതി വികസന വകുപ്പ് 300 കോടി രൂപയും, പട്ടികവർഗ്ഗ വികസന വകുപ്പ് 140 കോടി രൂപയും ലൈഫ് മിഷന് കൈമാറി. ഇതിനുപുറമെ അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരുടെ ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിന് പ്രത്യേക ഇടപെടലും നടത്തിവരുന്നു. 2023-24 ലും 220 കോടി രൂപ കൈമാറി. 2024-25 ൽ 440കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ 3 വർഷത്തിനിടെ 30,117 പട്ടികജാതി കുടുംബങ്ങൾക്കും, 4811 പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ലൈഫിൽ വീട് പൂർത്തിയാക്കി വരുന്നു. പട്ടികജാതി വിഭാഗത്തിൽ 98,317 വും പട്ടികവർഗ്ഗ വിഭാഗത്തിൽ 39,998 വീടുകളും പൂർത്തിയായി. ഇതിനുപുറമേ ട്രൈബൽ പുനരധിവാസ മിഷന്റെ 1806 വീടുകളുമടക്കം ആകെ 1,40.121 വീടുകൾ 8 വർഷം കൊണ്ട് പൂർത്തിയാക്കി.

സേഫ് പദ്ധതി:സാങ്കേതികമായി മാത്രം പൂർത്തീകരിക്കപ്പെട്ടതും, എന്നാൽ അടച്ചുറപ്പും, പൂർണ്ണ സുരക്ഷിതത്വവും ഇല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം ജനങ്ങളുടെ വീടുകളെ പൂർണ്ണതയിൽ എത്തിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് സേഫ്. മേൽക്കൂര ബലപ്പെടുത്തൽ, പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, വയറിങ് എന്നിവ പൂർത്തീകരിച്ച് വീട് പൂർണ്ണമായും വാസയോഗ്യമാക്കുവാൻ പട്ടികജാതി, പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. രണ്ടുവർഷം കൊണ്ട് 17,829 ഭവനങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചിട്ടുണ്ട്.

തൊഴിൽ നൈപുണ്യ വികസനം

ഉന്നതി സ്റ്റാർട്ടപ്പ് മിഷൻ : പട്ടികവിഭാഗത്തിലെ യുവാക്കളെ സ്റ്റാർട്ടപ്പ് രംഗത്ത് സജീവമാക്കുന്നതിനായി ഉന്നതി സ്റ്റാർട്ട്പ്പ് മിഷന് തുടക്കമായി. ഇതിന്റെ ഭാഗമായി ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി തിരുവനന്തപുരത്ത് സ്ഥാപിക്കും. തിരുവനന്തപുരം മണ്ണന്തലയിൽ പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള10 ഏക്കറിൽ 5000 ചതുരശ്ര അടിയിൽ ഉന്നതി സ്റ്റാർട്ടപ്പ് സിറ്റി സ്ഥാപിക്കും. ഐടി, ഇലക്ട്രോണിക്‌സ്, കൃഷി, ടൂറിസം, പൊതുസേവനം എന്നീ മേഖലകളിൽ പട്ടികവിഭാഗം സംരംഭകർക്ക് ഇൻകുബേഷൻ സൗകര്യവും പിന്തുണയും ലഭിക്കും. നിലവിലുള്ള സംരംഭകർക്ക് വായ്പാ സൗകര്യം, സംരംഭകത്വ വികസന പരിപാടികൾ, നേതൃശില്പശാലകൾ, മെന്റർഷിപ്പ്, നിക്ഷേപക സംഗമങ്ങൾ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. 311 അപേക്ഷകരിൽ നിന്ന് 250 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.

സ്റ്റാർട്ടപ്പ് പദ്ധതി : ആദിവാസി ഊരിലെ തൊഴിൽരഹിതരായ നാൽപ്പതോളം പേരെ സംരംഭകരാക്കി പട്ടികവർഗ്ഗ വികസന വകുപ്പും, കേരള സർവകലാശാലയും ചേർന്ന് തിരുവനന്തപുരം വിതുര മണിതൂക്കി ഊരിൽ സ്റ്റാർട്ടപ്പ് പദ്ധതി നടപ്പാക്കി. തൊഴിൽരഹിതരായ ആദിവാസി വിഭാഗങ്ങൾക്ക് വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഊരിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാല്പത് പേർക്ക് പരിശീലനം നൽകി സ്റ്റാർട്ടപ്പ് രൂപീകരിച്ചു. സുവനീറുകൾ, ബാംബു ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് നിർമ്മിക്കുക. വിപണനവും, മറ്റ് സാങ്കേതിക സഹായങ്ങളും കേരള സർവകലാശാല ലഭ്യമാക്കുന്നു.

ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റി : യുവജനങ്ങളെ ഒരേസമയം തൊഴിൽ സംരംഭകരും, തൊഴിൽ ദാതാക്കളുമാക്കാൻ ഉന്നതി കേരള എംപവർമെന്റ് സൊസൈറ്റി രൂപീകരിച്ചു.

ട്രേസ് (ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ്) : പട്ടികവിഭാഗത്തിൽ നിന്നുളള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജനങ്ങൾക്ക് സർക്കാർ സംവിധാനത്തിനു കീഴിൽ ഹോണറേറിയത്തോടെ തൊഴിൽ പരിശീലനം നൽകുന്ന നൂതന പദ്ധതിയാണ് ട്രേസ് (ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ്). സിവിൽ എഞ്ചിനീയറിംഗ്/ഡിപ്ലോമ പാസ്സായ 500 പട്ടികവിഭാഗക്കാർക്ക് അക്രഡിറ്റഡ് എഞ്ചിനീയർമാരായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമനം നൽകി. പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയ 250 പട്ടികവർഗ്ഗ വിദ്യാർത്ഥികളെ ഹോണറേറിയത്തോടെ ആശുപത്രികളിൽ നിയമിച്ചു. 5 ജില്ലകളിൽ പട്ടികജാതിക്കാർക്കും പാരാമെഡിക്കൽ മേഖലകളിൽ തൊഴിലവസരം ലഭ്യമാക്കി വരുന്നു. പട്ടികജാതി വിഭാഗത്തിൽ 1216 പേരെയും, പട്ടികവർഗ്ഗ വിഭാഗത്തിൽ 1182 പേരെയും ചേർത്ത് ആകെ 2398 പ്രമോട്ടർമാരെ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനു പുറമേ 380 പേരെ മാനേജ്‌മെന്റ് ട്രെയിനികളായും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിവിധ ഓഫീസുകളികളിലും തദ്ദേശ സ്ഥാപനങ്ങളിലുമായി നിയമിച്ചു.

ജ്വാല (ജസ്റ്റീസ് വെൽഫയർ& ലീഗൽ അസിസ്റ്റന്റ്‌സ്) : തൊഴിൽ വൈദഗ്ധ്യത്തിനൊപ്പം പട്ടിക വിഭാഗക്കാർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിനുമാണ് ജ്വാല (ജസ്റ്റീസ് വെൽഫയർ& ലീഗൽ അസിസ്റ്റന്റ്‌സ്) എന്ന പദ്ധതി ആരംഭിച്ചത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് 87 പേരും, പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് 25 പേരും ഉൾപ്പെടെ 112 പേർ ജ്വാലയെ സജീവമാക്കുന്നു.

വനം കാക്കാൻ വനാശ്രിതർ : ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗത്തിലെ വനാശ്രിതരായ500 പേർക്ക് പ്രത്യേക നിയമന നടപടികൾ സ്വീകരിച്ച് പി എസ് സി വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം നടത്തി. ഇവരിൽ പരിശീലനം പൂർത്തിയാക്കിയ 460 പേർ (372 പുരുഷന്മാർ, 88 വനിതകൾ) ഫെബ്രുവരി 11 ന് പാസിംഗ് ഔട്ട് നടത്തി.

100 അധിക തൊഴിൽദിനങ്ങൾ ട്രൈബൽ പ്ലസ് : തൊഴിലുറപ്പ് പദ്ധതിയിൽ100 തൊഴിൽ ദിനങ്ങൾക്ക് പുറമേ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽ ദിനങ്ങൾക്ക് കൂടി ബജറ്റിൽ തുക വകയിരുത്തി അനുവദിച്ചു. 8 വർഷം കൊണ്ട് 53,18,521 തൊഴിൽ ദിനങ്ങളാണ് പട്ടികവർഗ്ഗക്കാർക്കായി അധികമായി സൃഷ്ടിച്ചത്.

പറക്കാനായി വിങ്‌സ് പദ്ധതി : സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനം നൽകുന്ന പദ്ധതിയാണ് വിങ്‌സ്. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിന് ചേരുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന6 പേർക്കാണ് വിംഗ്‌സ് പദ്ധതിയിലൂടെ സ്‌കോളർഷിപ്പ് നൽകുന്നത്. 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. കുട്ടികൾക്ക് ഓരോ വർഷവും 33 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് നൽകും. നിലവിൽ 2 ബാച്ചുകൾക്ക് സ്‌കോളർഷിപ്പ് നൽകി. സിപിഎൽ ലൈസൻസിന് ശേഷം ഡബിൾ എഞ്ചിൻ പരിശീലനത്തിനും 6 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. ഇതിന് പുറമേ 150 പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് എയർലൈൻ മാനേജ്‌മെന്റ് കോഴ്‌സുകളിൽ പരിശീലനം നൽകി ജോലി ലഭ്യമാക്കി. ക്യാബിന് ക്രൂ സപ്ലൈ ചെയിൻ & ട്രാൻസ്‌പോർട്ടേഷൻ, മറൈൻ സ്ട്രക്ചറൽ ഫിറ്റർ എന്നീ കോഴ്‌സുകളിലും പരിശീലനം നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.

ഹരിത വരുമാനപദ്ധതി : പട്ടികജാതി വികസന വകുപ്പ് അനെർട്ടു മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത വരുമാനപദ്ധതി. സൗരോർജ്ജ പദ്ധതികൾ പട്ടികവിഭാഗം കുടുംബങ്ങളിൽ എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതിയും, അധിക വരുമാനവും ഇതിലൂടെ ലഭ്യമാകുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലായി 1010 പട്ടികജാതി ഭവനങ്ങളിൽ 3 കിലോ വാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. 36 കോടി രൂപയാണ് മുതൽമുടക്ക്. അഗളി ചാളയൂരിൽ 3 സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുകയും, ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഊരുകൂട്ട സമിതിയ്ക്ക് ലഭിക്കുകയും ചെയ്തു.

ഉന്നതവിദ്യാഭ്യാസ മേഖല

പഠനമുറി : നിലവിൽ8 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം നൽകി വന്നിരുന്ന പഠനമുറി പദ്ധതി 5 മുതൽ 7-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെയും, കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. 2022-23 സാമ്പത്തിക വർഷം മാത്രം 5000 വിദ്യാർത്ഥികൾക്ക് പഠനമുറി അനുവദിച്ചു. മൂന്ന് വർഷത്തിനിടെ 9811 പഠനമുറികൾ പൂർത്തീകരിച്ചു. പട്ടികവർഗ്ഗക്കാർക്കായി 364 സാമൂഹ്യ പഠനമുറികളും ഇതുവരെ പൂർത്തീകരിച്ചു.

ഐഐടിയിലും ഐഐഎമ്മിലും സ്‌കോളർഷിപ്പ് : മുൻകൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽSC-ST വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാർഡുകൾ ഏർപ്പെടുത്തി. ഐഐഎം, ഐഐടി, എൻഐഎഫ്ടി ഉൾപ്പെടെയുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിഎ, ഐസിഡബ്‌ള്യുഎ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകൾക്കും കൽപ്പിത സർവകലാശാലകളിലും സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിംഗ് സ്ഥാപനങ്ങളിലും സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിനും മെറിറ്റ്, റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്നവർക്കുകൂടി സ്‌കോളർഷിപ്പ് ലഭ്യമാക്കി മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ചു.

വിദേശ വിദ്യാഭ്യാസം : ലോകത്തിന്റെ ഏതുകോണിലുമുള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും, അവസരങ്ങളും,പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദേശ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. പി.ജി പഠനത്തിന് പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപ വരെയും ഗ്രാന്റ് നൽകും. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 3 സ്ലാബുകളായി തിരിച്ചാണ് പഠനസഹായം നൽകുക. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 25 ലക്ഷം രൂപ വരെയും, 12 മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 15 ലക്ഷവും, വിസ, ടിക്കറ്റ് എന്നിവയ്ക്കുള്ള ചെലവും നൽകും. ഇതിലൂടെ 619 പട്ടികജാതി വിദ്യാർത്ഥികൾക്കും 41 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും 36 പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കും ഉൾപ്പെടെ 696 കുട്ടികൾക്ക് വിദേശ സർവകലാശാലകളിൽ സ്‌കോളർഷിപ്പോടെ പഠനാവസരം ഒരുക്കി. ഓരോവർഷവും 310 പേർക്ക് വീതം വിദേശ പഠനത്തിന് സ്‌കോളർഷിപ്പ് നൽകി ഒഡേപെക് വഴി വിദേശത്തേക്ക് അയക്കും.

സിവിൽ സർവ്വീസ് പരിശീലനം : പട്ടികവിഭാഗം വിദ്യാർത്ഥികളെ സിവിൽ സർവ്വീസിലേയ്ക്ക് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാൻ സാധിക്കുന്ന രീതിയിൽ പദ്ധതി പുനക്രമീകരിച്ചു.

വിദ്യാവാഹിനി : പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പു വരുത്തുന്നതിനും, കൊഴിഞ്ഞുപോക്ക് പൂർണ്ണമായും ഒഴിവാക്കുന്നതിനുമായുള്ള വിദ്യാവാഹിനി പദ്ധതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്നു. വിദ്യാർത്ഥികളെ വീടുകളിൽ നിന്ന് സ്‌കൂളുകളിലേയ്ക്കും, തിരികെ വീടുകളിലും എത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പട്ടികവർഗ്ഗക്കാരുടെ ഉടമസ്ഥതയിലുള്ള വാഹനം പദ്ധതിയിൽ ഉൾപ്പെടുത്തിയതു വഴി അവർക്ക് തൊഴിലും ഉറപ്പാക്കി.

ഏകലവ്യ സി.ബി.എസ്.ഇ സ്‌കൂൾ : അട്ടപ്പാടിയിലെ സമഗ്ര പുരോഗതിക്കായി സർക്കാർ നടപ്പാക്കുന്ന സംയോജിത വികസനത്തിന്റെ ഭാഗമായി60 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ താമസിച്ച് പഠിക്കാൻ കഴിയുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ സ്‌കൂൾ ആരംഭിച്ചു.

ഊരുകളിലെ ഡിജിറ്റൽ വിപ്ലവം

ഡിജിറ്റലി കണക്ടറ്റഡ് ട്രൈബൽ : പട്ടികവർഗ്ഗ മേഖലകളിലെ ജനതയുടെ ആരോഗ്യത്തിനും തൊഴിലിനും, വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി വയനാട് ജില്ലയിലെ സാമൂഹ്യ പഠനമുറികൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്ടറ്റഡ് ട്രൈബൽ (Digitally Connected Tribal). ആരോഗ്യ മേഖലയിൽ പ്രത്യേക രോഗനിർണ്ണയ ക്യാമ്പ് തുടരുകയാണ്. ഇതുവരെ 4000 കുടുംബങ്ങളിലെ 16000 പേരെ പരിശോധനകൾക്ക് വിധേയരാക്കി.വയനാട് ജില്ലയിലെ 46 സാമൂഹ്യ പഠന മുറികളെയും മറ്റ് പൊതു ഇടങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി. റീജിയണൽ കാൻസർ സെന്റർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, CSIR-NIIST എന്നിവയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിർണയം, തൊഴിലവസരം എന്നിവയ്ക്ക് സഹായകമാകുന്ന കേന്ദ്രങ്ങളായി സാമൂഹ്യ പഠനമുറികളെ ഉയർത്തി.

എ ബി സി ഡി പദ്ധതി : ആധികാരിക രേഖകൾ ഡിജിറ്റലാക്കി സൂക്ഷിക്കുന്ന വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻകാർഡ്, തെരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, വിദ്യാഭ്യാസ രേഖകൾ, കൈവശ രേഖ, പെൻഷൻ രേഖ, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ ആധികാരിക രേഖകൾ എക്കാലത്തേക്കുമായി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയും, വിവിധ കാരണങ്ങളാൽ മതിയായ ആധികാരിക രേഖകൾ ഇല്ലാത്തവർക്കും രേഖകൾ നഷ്ടപ്പെട്ടവർക്കും രേഖകൾ അനുവദിച്ച് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വളരുന്ന ടൂറിസം സാധ്യതകൾ

'എൻ ഊര്' ഗോത്ര പൈതൃക ഗ്രാമം : പട്ടികവർഗ്ഗ സമൂഹ ജീവിതത്തിന്റെ നേർചിത്രങ്ങളാണ് വയനാട്ടിൽ'എൻ ഊര്' ഗോത്ര പൈതൃക ഗ്രാമത്തിലുള്ളത്. തദ്ദേശീയ ജീവിത കാഴ്ചകളെ വിനോദ സഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതിയാണിത്. പൂക്കോട് വെറ്റിനറി സർവകലാശാലയോട് ചേർന്ന 25 ഏക്കറിലാണ് ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച സംസ്ഥാനത്തെ ആദ്യ ട്രൈബൽ ടൂറിസം പദ്ധതി ആരംഭിച്ചത്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള 50 പേർക്ക് പരോക്ഷമായും 'എൻ ഊര്' തൊഴിൽ നൽകുന്നു. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള തദ്ദേശീയർക്കും ഇവിടെയെത്തി ഉൽപന്നങ്ങൾ വിൽക്കാനും, പ്രദർശിപ്പിക്കാനും കഴിയും.

ഭിന്നശേഷിക്കാർ - ക്ഷേമവും വികസനവും

സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'കാറ്റാടി '(KATTADII- Kerala Accelerated Tribal Ability Development & Inclusion Initiative). ചലന സഹായികളും, ശ്രവണ സഹായികളും ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കി പുനരധിവസിപ്പിക്കുന്നതിനും അവർക്ക് ഉപജീവനമാർഗ്ഗമൊരുക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധതിയാണിത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-24 15:36:16

ലേഖനം നമ്പർ: 1427

sitelisthead