കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും.  'ലൈഫ് സയൻസ്' എന്ന വിഷയത്തിൽ അധിഷ്ഠിതമായി പ്രപഞ്ച ഉൽപത്തിമുതൽ ആധുനിക കാലഘട്ടം വരെയുള്ള  ശാസ്ത്ര സഞ്ചാരത്തെ അടയാളപ്പെടുത്തുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തേതും ഏറ്റവും വലുതുമാണ് . ആകെ 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയ്യാറാകുന്നത്. ‘ലൈഫ് സയന്‍സ്’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും.

പ്രദര്‍ശനവസ്തുക്കള്‍ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കുക. സാങ്കേതിക വിദ്യകളുടെയും എ.ആര്‍, വി.ആര്‍ സങ്കേതങ്ങളുടെയും മറ്റും സഹായത്തോടെ ഇമേഴ്‌സീവ് എക്‌സ്പീരിയന്‍സുകളുള്‍പ്പെടെ ഫെസ്റ്റിവലില്‍ വിനോദവും വിജ്ഞാനവും പകരാനുണ്ടാകും. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ സഞ്ചരിച്ച എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇന്‍, വീടിനുള്ളില്‍ നിത്യവും കാണുന്ന വസ്തുക്കള്‍ക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനില്‍ കലയുടെ സഹായത്തോടെ പ്രദര്‍ശനത്തിനുണ്ടാകും.

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല, ഐസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, കെഎസ്‌ഐഡിസി, സിയാല്‍, ഇന്‍ഡ്യന്‍ ഓയില്‍, കുസാറ്റ്, ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എന്നിവ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ, ദേശീയ, തദ്ദേശീയ സ്ഥാപനങ്ങള്‍ സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. കേരള സംസ്ഥാന ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികളുമുണ്ട്. സിറ്റിസണ്‍ സയന്‍സ് പ്രദര്‍ശനം, മറൈന്‍ അക്വേറിയം, സയന്‍സ് കോണ്‍ഫറന്‍സ്, സെമിനാറുകള്‍, കോണ്‍ക്ലേവുകള്‍, ഫുഡ് കോര്‍ട്ട്, ട്രേഡ് ഫെയര്‍ എന്നിവയും ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടാകും.

ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ഭിന്നശേഷി സൗഹൃദ റാംപുകളും മറ്റും സജ്ജമാക്കി എല്ലാവര്‍ക്കും പ്രാപ്യമായ രീതിയിലാണ് രൂപകല്‍പന. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉണ്ടെങ്കിലേ ഫെസ്റ്റിവല്‍ പൂര്‍ണമായും കണ്ടുതീര്‍ക്കാനാകൂ. മുതിര്‍ന്നവര്‍ക്ക് 250 രൂപയും, പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400 രൂപയ്ക്കും 250 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂളുകളില്‍ നിന്നു വരുന്ന 30 പേരില്‍ കുറയാത്ത എണ്ണം വിദ്യാര്‍ഥികളുടെ സംഘത്തിന് ഒരാള്‍ക്ക് 100 രൂപ വീതമാണ് നിരക്ക്. സ്‌കൂള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും ടിക്കറ്റുകള്‍ ലഭിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ആളുകളുടെ എണ്ണത്തിന് സാങ്കേതിക പരിധിയുള്ള അഞ്ച് പ്രദര്‍ശനങ്ങളില്‍ പ്രത്യേകം ടിക്കറ്റിംഗ് ഉണ്ടാകും. gsfk.org.എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്കാണ്  ജി എസ് എഫ് കെയുടെ ബാങ്കിങ്ങ്  പാര്‍ട്‌നര്‍. ഫെഡറല്‍ ബാങ്ക് വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-16 10:15:51

ലേഖനം നമ്പർ: 1269

sitelisthead