സംരംഭക സൗഹൃദ സംസ്ഥാനമായ കേരളത്തിലേക്ക് കൂടുതൽ സംരംഭങ്ങളെ ആകർഷിക്കുവാനുതകുന്ന പദ്ധതികളും പ്രവർത്തനങ്ങളുമാണ് വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നത്. കേരളത്തിന്റെ വ്യവസായിക രംഗം കഴിഞ്ഞ സാമ്പത്തിക വർഷം വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. സ്ഥിരതയുള്ള കൂടുതൽ നിക്ഷേപങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയാണ് 2-ാം സംരംഭകവർഷം പദ്ധതിക്ക് വകുപ്പ് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഭാഗമായി 2023-24 സാമ്പത്തിക വർഷം ഒരുലക്ഷം സംരഭങ്ങൾ ആരംഭിക്കുവാനുദ്ദേശിക്കുന്ന സംരംഭകവർഷം 2.0, 1000 എം എസ് എം ഇകളെ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള മിഷൻ 1000, എംഎസ്‌എംഇ സുസ്ഥിരത പദ്ധതി എന്നീ പദ്ധതികൾ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിനോടൊപ്പം പദ്ധതി നടത്തിപ്പുകളെപറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും വിപണസാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യു ട്യൂബ് ചാനലും വികസിപ്പിച്ചു.

സംരംഭക വർഷം 2.0.

വ്യവസായ വകുപ്പിന്റെ കീഴിൽ 2022- ഏപ്രിൽ 1-ന് ആരംഭിച്ച് 2023 മാർച്ച് 31 വരെ നീണ്ടുനിന്ന സംരംഭക വർഷം പദ്ധതിയുടെ നടപ്പു സാമ്പത്തിക വർഷവും ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുവാനും അതിനുള്ള സഹായങ്ങൾ നൽകുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ്  സംരംഭക വർഷം 2.0.  കഴിഞ്ഞ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 1,39,840 സംരംഭങ്ങൾ ആരംഭിക്കാനും ഇതിലൂടെ 3,00,056 തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ₹ 8,422.36 കോടിയുടെ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതും കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഭാഗമായാണ്. സംരംഭക വർഷം 2.0.വിന്റെ ഭാഗമായി ബോട്ടം-അപ്പ് പ്ലാനിങ്ങിലൂടെ ജില്ല തിരിച്ച് സംരംഭങ്ങളുടെ എണ്ണം നിശ്ചയിക്കും.
ഏപ്രിൽ മുതൽ ജൂൺ വരെ പൊതു ബോധവത്‌കരണവും തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വായ്പ-ലൈസൻസ്-സബ്‌സിഡി മേളകളും സംഘടിപ്പിക്കും. മെന്ററിങ്‌ സിസ്റ്റത്തിൽ എല്ലാ എം.എസ്.എം.ഇ.കളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും. 

1,000 എം.എസ്.എം.ഇ.കളെ ₹ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റാൻ മിഷൻ 1,000 ക്യാമ്പയിൻ

സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായി 1,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) തിരഞ്ഞെടുത്ത് 4 വർഷത്തിനുള്ളിൽ ₹ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് നടപ്പാക്കുന്ന ക്യാമ്പയിനാണ് മിഷൻ 1,000. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ mission1000.industry.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ഇങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്ന സംരംഭങ്ങളിൽ നിന്ന് നിക്ഷേപം, വാർഷിക വിറ്റുവരവ്, ലാഭം, ശേഷി വിനിയോഗം, കയറ്റുമതി, ജീവനക്കാർ, പ്രമോട്ടർമാരുടെ സിബിൽ സ്കോർ, മുൻഗണനാ മേഖലയിലുള്ള വ്യവസായങ്ങൾ, ലഭിച്ച സർട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ച് മികച്ച 1000 യൂണിറ്റുകളെ സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. സ്കെയിൽ അപ്പ് മിഷൻ - മിഷൻ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾക്ക് മൂലധന സബ്സിഡി, പ്രവർത്തന മൂലധന വായ്പയുടെ പലിശ സബ്സിഡി, ഡിപിആർ തയ്യാറാക്കുന്നതിനുള്ള സാമ്പത്തിക സഹായം, ടെക്നോളജി നവീകരണത്തിനുള്ള സഹായം, ഗുണനിലവാര സർട്ടിഫിക്കേഷൻ നേടാൻ പ്രത്യേക സഹായം തുടങ്ങിയ ലഭ്യമാക്കും. ഇതിനൊപ്പം സ്കെയിലിങ്ങ് അനുബന്ധ പ്രവർത്തനങ്ങളിൽ യൂണിറ്റുകളെ സഹായിക്കാൻ വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും വ്യവസായ വകുപ്പിൻ്റെ എല്ലാ പദ്ധതികളിലും ഈ യൂണിറ്റുകൾക്ക് മുൻഗണന നൽകുകയും ചെയ്യും.ഈ സംരംഭങ്ങളെ സർക്കാർ പിന്തുണ ഉറപ്പാക്കി ₹ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. എം.എസ്.എം.ഇ. മേഖലയിൽ രാജ്യത്തെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ട പദ്ധതിക്ക് തുടർച്ച കൊണ്ടുവരികയാണ് മിഷൻ 1,000. ഈ വർഷം കേരളത്തിന്റെ വ്യവസായ വളർച്ച 17.3 ശതമാനമാണ്‌. കൂടാതെ ആദ്യമായി മാനുഫാക്‌ച്ചറിങ്‌ മേഖലയുടെ സംഭാവന 18.9 ശതമാനമായി ഉയർന്നു. മിഷൻ 1000 പൂർത്തിയാകുന്നതോടെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന 1000 സംരംഭങ്ങളെ സൃഷ്ടിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

എം.എസ്.എം.ഇ. സുസ്ഥിരത പദ്ധതി

സംരംഭക വർഷം പദ്ധതി 1 ന്റെ   ഭാഗമായി ആരംഭിച്ച സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പു വരുത്തുകയാണ്  എം.എസ്.എം.ഇ. സുസ്ഥിരത പദ്ധതിയുടെ  ലക്ഷ്യം. എം.എസ്.എം. ഇ.കളുടെ അടച്ചുപൂട്ടൽ നിരക്ക് കുറയ്ക്കുന്നതിനും പുതിയ എം.എസ്.എം.ഇ.കളുടെ വിറ്റുവരവിൽ 5% വളർച്ചനിരക്ക് ഉറപ്പാക്കുന്നതിനും  പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി പെർഫോമൻസ് മോണിറ്ററിങ്ങിനായി ഓട്ടോമേറ്റഡ് സിസ്റ്റവും സംസ്ഥാനതല നെറ്റ്‌വർക്കിങ്‌ ക്ലസ്റ്ററും നടപ്പിലാക്കും. പ്രത്യേക ഇൻസന്റീവുകളും പദ്ധതിയിലൂടെ ലഭ്യമാക്കും.

യു ട്യൂബ് ചാനൽ: നിലവിൽ പ്രവർത്തിക്കുന്ന എം.എസ്.എം.ഇ. സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രത്യേക യു ട്യൂബ് ചാനൽ  വികസിപ്പിച്ചിട്ടുണ്ട്. ഈ ചാനലിലൂടെ സംരംഭകരുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫി വീഡിയോകൾ ജനങ്ങളിലെത്തിക്കും. ചാനലിന്റെ പ്രാമോഷൻ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാകും നടക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-11 14:25:45

ലേഖനം നമ്പർ: 1013

sitelisthead