സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങളുടെയും ഐതിഹാസിക പോരാട്ടങ്ങളുടെയും അടയാളപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാദിനം . ഇന്നും അവസാനിക്കാത്ത നിരന്തര പോരാട്ടങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ജീവിതങ്ങൾ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയുടെ നട്ടെല്ലായി ഉയർന്നു വരുന്ന വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ നിലവിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങി സകല മേഖലകളിലും ശക്തമായ സാന്നിധ്യം സൃഷ്ടിച്ച, സ്ത്രീകൾ ആധുനിക കാലത്ത് സംരംഭകരായും ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിത ദിനത്തിന്റെ തീം അന്വർത്ഥമാക്കുന്ന നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.
സംരംഭക സൗഹാർദ നയങ്ങളിലൂടെ സംരംഭക സൗഹൃദന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീ - സംരംഭകത്വവിപ്ലവത്തിന്റെ പാതയിലാണിന്ന് കേരളം.
സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ സമൂലമായ സംഭാവനകൾ നൽകാൻ ഉതകുന്ന തരത്തിലേക്ക് സംരംഭക മേഖലയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നത് സമകാലിക കേരളത്തിന്റെ സവിശേഷതയാണ്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 43,000 ലധികം വനിതകളാണ് കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന കേരളത്തിലെ വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും ആണ് വ്യവസായ വകുപ്പിന്റെ ഈ സംരംഭം. സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കി നൽകിയ പശ്ചാത്തല സൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങൾ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് സംരംഭക വർഷം പദ്ധതി.
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8-ന് അന്താരാഷ്ട്ര വനിത ദിനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനിത സംരംഭകർ ഒത്തുകൂടിയ 'വനിതാ സംരംഭക സംഗമം' കേരളത്തിന്റെ നാനാവിഭാഗത്തിലുള്ള സ്ത്രീകൾക്ക് സംരംഭക മേഖലയിലേക്ക് കടന്നു വരാനുള്ള അവബോധവും പ്രചോദനവും നൽകുന്നു. സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഇത്തരം വനിത കൂട്ടായ്മകൾ കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തിൽ നിർണായകമായ നാഴികക്കല്ലായി മാറും.
2022-ൽ 175 വനിത സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെങ്കിൽ, 2023 ആദ്യപാദത്തിൽത്തന്നെ ഇവയുടെ എണ്ണം 233 കടന്നതായി കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത വനിത സ്റ്റാർട്ടപ്പുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വനിത സംരംഭകരിൽ 5 % വിദ്യാർഥിനികളും 95% പ്രൊഫഷണലുകളുമാണ്. വനിതകൾക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമായി സ്റ്റാർട്ടപ്പ് മിഷൻ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നുണ്ട്. ₹ 1.73 കോടിയുടെ സാമ്പത്തികസഹായമാണ് വനിത, വനിത സഹസ്ഥാപക സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞ സാമ്പത്തികവർഷം സ്റ്റാർട്ടപ്പ് മിഷൻ നൽകിയത്. 2030-ഓടെ 250 വനിത സ്റ്റാർട്ടപ്പുകൾക്ക് സഹായം ഉറപ്പാക്കാനാണ് ലക്ഷ്യം. 2022 സാമ്പത്തിക വർഷത്തിൽ വിവിധ പരിപാടികളിലൂടെ വനിത സ്റ്റാർട്ടപ്പുകൾ ₹ 8 കോടിയാണ് നേടിയത്.
ഡിജിറ്റൽ രംഗത്ത് വർധിച്ചുവരുന്ന ലിംഗ വ്യത്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങൾ മുതൽ ഓൺലൈനിലെ സുരക്ഷ വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നു. എന്നാൽ വനിതകൾ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ സ്ത്രീകളുടെ ജീവിത നിലവാരങ്ങളെയും കാഴ്ചപ്പാടിനെയും മാറ്റി പുരോഗമനപരമായ മുന്നേറ്റങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതദിനം കൂടുതലായും ചർച്ച ചെയ്യുന്നത്. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ സംരംഭങ്ങളും വൈജ്ഞാനിക സമ്പത്ത് വ്യവസ്ഥയിലൂന്നിയ സ്ത്രീ മുന്നേറ്റങ്ങളും സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറയ്ക്കുമെന്നുറപ്പാണ്. ഇത്തരം കാര്യങ്ങൾക്കായുള്ള ശക്തമായ പ്രചോദനമാണ് വിവിധ വകുപ്പുകൾ സംസ്ഥാനത്ത് വിവിധ പദ്ധതികളിലൂടെ നടപ്പാക്കി വരുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-10 16:49:48
ലേഖനം നമ്പർ: 978