കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, പെരുമാറ്റ വ്യതിയാനങ്ങളും അക്രമവാസനകളും പ്രാരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും ഇടപെടലുകളും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'സ്പർശം – ചൈൽഡ് വെൽബീയിംഗ് ആൻഡ് വയലൻസ് പ്രിവൻഷൻ മിഷൻ' (SPARSHAM – Healing and Safe Childhood Mission) നടപ്പാക്കുന്നു. കുട്ടികളെ ശിക്ഷിക്കുന്നതിനുപകരം സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിച്ച് സുരക്ഷിതവും സന്തോഷകരവുമായ ബാല്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബാല്യത്തിൽ തിരിച്ചറിയുക, വളർച്ച നിരീക്ഷിക്കുക (Catch them young, Watch them grow) എന്ന സമീപനത്തിലൂന്നിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളിലെ അമിതമായ ദേഷ്യം, അക്രമസ്വഭാവം, ഭീഷണിപ്പെടുത്തൽ, മറ്റ് പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ഉചിതമായ ഇടപെടലുകൾ നടത്തുന്നതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങളും അക്രമപ്രവണതകളും ലഘൂകരിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ വൈകാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും വ്യക്തിഗത പിന്തുണ ലഭ്യമാക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു.

മാനസികാരോഗ്യ പിന്തുണയും പ്രാരംഭ ഇടപെടലുകളും

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിചരണവും കൗൺസിലിങ്ങും ഉറപ്പാക്കുന്നതിനും ഓരോ ജില്ലയിലും ചൈൽഡ് മെന്റൽ ഹെൽത്ത് സപ്പോർട്ടിങ് സെന്ററുകൾ സജ്ജമാക്കും. വനിതാ-ശിശു വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും ഇവയുടെ പ്രവർത്തനം. പ്രത്യേക പരിഗണനയും മാനസികാരോഗ്യ പിന്തുണയും ആവശ്യമുള്ള കുട്ടികൾക്ക് വ്യക്തിഗത ഇടപെടൽ പദ്ധതികളിലൂടെ (Individualised Support Plan) ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കും.

കുട്ടികളിൽ കോപവും മറ്റ് വികാരങ്ങളും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ആത്മവിശ്വാസം, സാമൂഹിക ഇടപെടൽ, ജീവിതനൈപുണികൾ എന്നിവ വളർത്തുന്നതിനും ആങ്കർ മാനേജ്മെന്റ്, ഇമോഷണൽ ഇന്റലിജൻസ് പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കുട്ടികളുടെ പ്രായത്തിനും മാനസികാവസ്ഥയ്ക്കും അനുയോജ്യമായ പിന്തുണ ഉറപ്പാക്കുന്നതിലൂടെ ആരോഗ്യകരമായ വ്യക്തിത്വവികാസത്തിന് വഴിയൊരുക്കും.

രക്ഷാകർതൃ ശാക്തീകരണവും സ്കൂൾതല ഇടപെടലുകളും

കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും മാനസികാരോഗ്യ സംരക്ഷണത്തിലും കുടുംബാന്തരീക്ഷത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് രക്ഷിതാക്കൾക്കായി പ്രത്യേക പരിശീലന-ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക, അവരുമായി ആരോഗ്യകരമായ ആശയവിനിമയം നടത്തുക, വൈകാരിക ആവശ്യങ്ങൾ മനസ്സിലാക്കുക, അനുകൂലമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് പിന്തുണ നൽകും.

സ്കൂൾതലത്തിൽ സഹപാഠികൾ തമ്മിലുള്ള അക്രമം, ബുള്ളിയിങ്, സൈബർ ബുള്ളിയിങ് തുടങ്ങിയവ തടയുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പാക്കും. സ്കൂൾ കൗൺസിലർമാരുടെയും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെയും സേവനം പ്രയോജനപ്പെടുത്തി കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും ആവശ്യമായ കൗൺസിലിങ്ങും പ്രശ്നപരിഹാര ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യും. സൈബർ ലോകത്തെ ചതിക്കുഴികൾ, ഓൺലൈൻ ചൂഷണം, ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷാ ഭീഷണികൾ എന്നിവയെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

  • ഏർലി ഐഡന്റിഫിക്കേഷൻ: അമിതമായ ദേഷ്യം, അക്രമസ്വഭാവം, ഭീഷണിപ്പെടുത്തൽ, പെരുമാറ്റ വ്യതിയാനങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ തിരിച്ചറിയുകയും ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്യും.
  • ചൈൽഡ് മെന്റൽ ഹെൽത്ത് സപ്പോർട്ടിംഗ് സെന്റേഴ്സ്: ഓരോ ജില്ലയിലും കുട്ടികൾക്ക് പ്രത്യേക മാനസികാരോഗ്യ പിന്തുണ നൽകുന്നതിനുള്ള കേന്ദ്രങ്ങൾ വനിതാ ശിശുവികസന, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ സജ്ജമാക്കും.
  • ആങ്കർ മാനേജ്മെന്റ് ആൻഡ് ഇമോഷണൽ ഇന്റലിജൻസ്: കുട്ടികൾക്ക് കോപവും വികാരങ്ങളും നിയന്ത്രിക്കാനും ജീവിതനൈപുണികൾ വളർത്താനും പരിശീലനം നൽകും.
  • പാരന്റ് എംപവർമെന്റ് പ്രോഗ്രാം: കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്നതിനും ആരോഗ്യകരമായ കുടുംബാന്തരീക്ഷം ഉറപ്പാക്കുന്നതിനും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പിന്തുണയും നൽകും.
  • സ്കൂൾ ബേസ്ഡ് വയലൻസ് പ്രിവൻഷൻ: സ്കൂളുകളിൽ സഹപാഠികൾ തമ്മിലുള്ള അക്രമം, ബുള്ളിയിംഗ്, സൈബർ ബുള്ളിയിംഗ് എന്നിവ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും.
  • ഇൻഡിവിജ്വലൈസ്ഡ് സപ്പോർട്ട് പ്ലാൻ: പ്രത്യേക പരിഗണനയും മാനസികാരോഗ്യ പിന്തുണയും ആവശ്യമുള്ള കുട്ടികൾക്ക് വ്യക്തിഗത ഇടപെടലുകൾ ഉറപ്പാക്കും.

വനിതാ-ശിശു വികസന വകുപ്പിൽ മാത്രം പരിമിതപ്പെടുത്താതെ ആരോഗ്യ, വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് സ്പർശം നടപ്പാക്കുന്നത്. അങ്കണവാടികൾ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ചൈൽഡ് ഹെൽപ്‌ലൈൻ, സ്കൂൾ കൗൺസിലർമാർ, സൈക്കോ സോഷ്യൽ കൗൺസിലർമാർ, സന്നദ്ധ സംഘടനകൾ (NGO) എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും സമയബന്ധിതമായി ലഭ്യമാക്കുന്നതിന് വിവിധ സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തും.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെയും പെരുമാറ്റ വ്യതിയാനങ്ങളെയും ശിക്ഷാനടപടികളിലൂടെ മാത്രം സമീപിക്കാതെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെയും വൈകാരിക പിന്തുണയിലൂടെയും പരിഹരിക്കണമെന്ന കാഴ്ചപ്പാടാണ് സ്പർശം മുന്നോട്ടുവയ്ക്കുന്നത്. കുടുംബം, വിദ്യാലയം, സമൂഹം, സർക്കാർ സംവിധാനങ്ങൾ എന്നിവയെ ഒരുമിപ്പിച്ച് കുട്ടികളുടെ സമഗ്രവികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ മിഷനിലൂടെ സാധിക്കും. കുട്ടികളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും മാനസികക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകി ഭാവിതലമുറയ്ക്ക് സുരക്ഷിതവും കരുതലോടെയുള്ളതുമായ ബാല്യം ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഇടപെടലായി സ്പർശം മാറും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-18 11:00:23

ലേഖനം നമ്പർ: 2143

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo