ആഗോള സംരംഭകത്വത്തിനും നൂതനാശയങ്ങൾക്കും പുതിയ സാധ്യതകൾ തുറന്നുനൽകുന്ന അന്താരാഷ്ട്ര സംഗമവേദിയായി മാറാൻ ഹഡിൽ ഗ്ലോബൽ 2026. കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടി (www.huddleglobal.co.in) നവംബർ 12 മുതൽ 14 വരെ തിരുവനന്തപുരം കോവളത്ത് നടക്കും. ‘Where the World Comes to Huddle’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി സംരംഭകർ, നിക്ഷേപകർ, സാങ്കേതികവിദഗ്ധർ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ എന്നിവരെ ഒരേ വേദിയിൽ അണിനിരത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമങ്ങളിലൊന്നായ ഹഡിൽ ഗ്ലോബലിന്റെ എട്ടാമത് പതിപ്പിൽ 10,000-ത്തിലധികം സന്ദർശകർ, 4,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ, 150-ലധികം നിക്ഷേപകർ, 300-ലധികം മെന്റർമാർ, 200-ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾ, 150-ലധികം പ്രദർശകർ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആഗോളതലത്തിൽ കൂടുതൽ ദൃശ്യതയും ബന്ധങ്ങളും ഉറപ്പാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാനും ബിസിനസ് പങ്കാളിത്തങ്ങൾ കണ്ടെത്താനും ആഗോള വിപണികളിലേക്കുള്ള പ്രവേശനസാധ്യതകൾ തേടാനും ഉച്ചകോടി അവസരമൊരുക്കും. നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, മെന്റർഷിപ്പ്, ബിസിനസ് നെറ്റ്വർക്കിങ്, ഉൽപ്പന്നാവതരണം, പ്രദർശനങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമാണ്.
സാങ്കേതികവിദ്യ, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം, വിപണനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ഉച്ചകോടി ക്രമീകരിച്ചിരിക്കുന്നത്. ലൈറ്റ് ഹൗസ്, ബിയോണ്ട് ബോർഡേഴ്സ്, ഫണ്ടിങ് മാനിയ, മാർക്കറ്റിങ് മാഡ്നസ്, എസ്.ഡി.ജി സോൺ, ഡീപ് ടെക് സോൺ എന്നിങ്ങനെ വിവിധ വേദികളിലായി പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സാങ്കേതികവിദ്യാ അവതരണങ്ങൾ, സംരംഭക സംഗമങ്ങൾ എന്നിവ നടക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, ക്വാണ്ടം കമ്പ്യൂട്ടിങ്, ആഗോള വിപണികളിലേക്കുള്ള പ്രവേശനം, നിക്ഷേപസാധ്യതകൾ, വ്യവസായ സഹകരണം തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വ്യവസായ-സാങ്കേതിക മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും. അന്താരാഷ്ട്ര വിപണികളിലേക്കുള്ള കേരള സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും ആഗോളതലത്തിലുള്ള സഹകരണത്തിനും ആവശ്യമായ ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനുള്ള വേദിയായും ഉച്ചകോടി മാറും.
സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും പുറമെ സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, മെന്റർമാർ, നവീനാശയ സംരംഭകർ എന്നിവർക്കും പരിപാടിയിൽ പങ്കാളികളാകാം. ആശയങ്ങളെ സംരംഭങ്ങളാക്കി മാറ്റുന്നതിനും സംരംഭങ്ങളെ ആഗോളതലത്തിൽ വളർത്തുന്നതിനും ആവശ്യമായ പിന്തുണയും ബന്ധങ്ങളും ഒരുക്കുന്ന ഹഡിൽ ഗ്ലോബൽ, കേരളത്തെ നൂതന സംരംഭകത്വത്തിന്റെയും സാങ്കേതികവിദ്യാ വികസനത്തിന്റെയും അന്താരാഷ്ട്ര കേന്ദ്രമായി ഉയർത്താനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഊർജം പകരും.
ആഗോള പങ്കാളിത്തത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഉച്ചകോടിയിൽ ഓസ്ട്രിയ, ബെൽജിയം, ചിലി, ഫ്രാൻസ്, ജർമ്മനി, ഐസ്ലൻഡ്, ഇറ്റലി, നെതർലൻഡ്സ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, വെയിൽസ് (യു.കെ.) എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര പ്രതിനിധികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. വിവിധ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെയും നിക്ഷേപ സാധ്യതകളെയും കേരളത്തിലെ സംരംഭക സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും അതുവഴി രാജ്യാന്തര സഹകരണത്തിനും അറിവ് പങ്കുവെക്കലിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-11-10 05:23:37
ലേഖനം നമ്പർ: 2139