കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയൊരു നേട്ടം. നിപ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള സ്യൂഡോവൈറസ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്ത് തിരുവനന്തപുരം തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV). മനുഷ്യരിലും മൃഗങ്ങളിലും നിപ ബാധ കണ്ടെത്താൻ ഈ സംവിധാനം സഹായകമാകും. വവ്വാലുകളിൽ നിന്നും മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ, രോഗവാഹകരായ മൃഗങ്ങളെ കണ്ടെത്താൻ ഈ പരിശോധന ഏറെ പ്രയോജനകരമാണ്.
വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും നിപ പകർന്ന സാഹചര്യം ഒഴിവാക്കാൻ സ്യൂഡോവൈറസ് പരിശോധന സഹായിക്കും. നിപ സമ്പർക്ക പട്ടികയിലുള്ളവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകാതെ അണുബാധയുണ്ടായിട്ടുണ്ടോയെന്ന് അറിയാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. നിപ മാത്രമല്ല, ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങൾ, റാബിസ് വൈറസ് എന്നിവയുടെയും സ്യൂഡോവൈറസുകൾ IAV വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിപ രോഗനിർണയത്തിനായി നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ആർടി-പിസിആർ, ട്രൂനാറ്റ് പരിശോധനകൾ തുടക്കത്തിൽത്തന്നെ രോഗം കണ്ടെത്താൻ ഉചിതമാണ്. എന്നാൽ, സ്യൂഡോവൈറസ്, എലിസ പരിശോധനകൾ രോഗം ബാധിച്ച ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളെയാണ് കണ്ടെത്തുന്നത്. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലെ വി.ആർ.ഡി.എൽ. ലാബുകൾക്കും ആലപ്പുഴ, പൂനെ എന്നിവിടങ്ങളിലെ എൻ.ഐ.വി. ലാബുകൾക്കും ഒപ്പം നിപ രോഗനിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് തോന്നയ്ക്കലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV). പകർച്ചവ്യാധി പ്രതിരോധത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഈ നേട്ടം.
കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഗവേഷണ-സാങ്കേതിക മുന്നേറ്റമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഈ നേട്ടം. രോഗനിർണയത്തിലെ കൃത്യതയും വേഗതയും വർധിപ്പിക്കുന്ന ഇത്തരം കണ്ടെത്തലുകൾ സംസ്ഥാനത്തെ പൊതുജനാരോഗ്യ സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-09-10 11:52:34
ലേഖനം നമ്പർ: 1846