രാജ്യത്ത് യുവാക്കൾക്കിടയിലെ തൊഴിൽക്ഷമതയിൽ മികച്ച നേട്ടവുമായി കേരളം. പതിനൊന്നാമത് ഗ്ലോബൽ സമ്മിറ്റ് ഓൺ സ്‌കിൽ ഡെവലപ്‌മെന്റ് 2024ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2025 പ്രകാരം 22നും 25നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിൽക്ഷമതയിൽ കേരളം രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 87.47 തൊഴിലവസര നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 26-29 വരെ പ്രായമുള്ള പ്രൊഫഷണലുകൾക്കിടയിൽ 68.82 ശതമാനം തൊഴിൽക്ഷമതയുമായി കേരളം മികവ് തെളിയിക്കുന്നു. കൂടാതെ രാജ്യത്ത് തൊഴിൽമേഖലയിലെ മികവിനെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിൽ 71 ശതമാനമെന്ന തൊഴിൽനിരക്കിലൂടെ കേരളം അഞ്ചാം സ്ഥാനം നേടി. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് മുന്നിലുള്ള സംസ്ഥാനങ്ങൾ. തൊഴിലിനായി സ്ത്രീകൾക്ക് അവസരങ്ങൾ നൽകുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനവും കേരളത്തിനാണ്. സംസ്ഥാനത്തെ പ്രൊഫഷണൽ അന്തരീക്ഷവും വർക്ക്‌സ്‌പേസ് സൗകര്യങ്ങളും സ്ത്രീസൗഹാർദ്ദപരമാണെന്നത് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തൊഴിലിന്റെ ഭാഗമായി ഇന്റേൺഷിപ് സംവിധാനം നടപ്പാക്കുന്നതിലും കേരളം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ 96.05 ശതമാനമാണ് ഇന്റേൺഷിപ് ചെയ്യാൻ താൽപ്പര്യമുള്ളവരുടെ നിരക്ക്. ഇംഗ്ലീഷിൽ പ്രാവിണ്യമുള്ള മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം ഇടം പിടിച്ചിട്ടുണ്ട്. 52.79% ഇംഗ്ലീഷ് പ്രാവീണ്യം കേരളത്തിനുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂമറിക്കൽ ആപ്റ്റി ട്യൂടിൽ 58.90% കേരളം കൈവരിച്ചിട്ടുണ്ട്. ഡിജിറ്റൽ സ്‌കിൽസിലും കേരളത്തിന് നേട്ടമുണ്ട് . അസാപ് അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനം കേരളത്തിന്റെ ഈ മികവിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അവസരങ്ങളുടെ കാര്യത്തിൽ കേരളം എംപ്ലോയബിലിറ്റി ലാൻഡ്സ്‌കേപ്പ് ശക്തിപ്പെടുത്തുന്നത് റിപ്പോർട്ടിൽ പ്രകടമാണ്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ, കോൺഫറൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ ഏജൻസികളുമായി സഹകരിച്ച് ടാലന്റ് അസസ്‌മെന്റ് ഏജൻസിയായ വീബോക്‌സ് ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.6.50 ലക്ഷം യുവാക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോർട്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-11 18:33:17
ലേഖനം നമ്പർ: 1594