ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്‌കാര നേട്ടവുമായി കേരളം. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ച് മത്സ്യബന്ധന മേഖലയിൽ കേരളം നടത്തുന്ന സമഗ്ര പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. രാജ്യത്തെ ഏറ്റവും മികച്ച മറൈൻ ജില്ലയായി കൊല്ലത്തെ തെരഞ്ഞെടുത്തു.
സമുദ്ര മത്സ്യ ഉത്പാദനത്തിലെ വർധനവ്, മത്സ്യത്തൊഴിലാളികൾക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയ വിവിധ മേഖലകളിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്. സർക്കാരും മത്സ്യത്തൊഴിലാളികളും ഒന്നിച്ച് മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ ദേശീയ അംഗീകാരം. മത്സ്യബന്ധന-വിപണന-മത്സ്യക്കൃഷി മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് കൊല്ലത്തെ പുരസ്‌കാരത്തിനർഹമാക്കിയത്. പ്രധാനമന്ത്രി സമ്പദ് യോജന സമയബന്ധിതമായും സുതാര്യമായു നടപ്പാക്കിയതിൽ കൊല്ലം മുന്നിലാണ്.
മത്സ്യകർഷകർക്കും തൊഴിലാളികൾക്കും യൂണിറ്റുകൾക്കും ലഭിച്ച അവാർഡുകൾ, മത്സ്യബന്ധന മേഖലയിൽ നടപ്പാക്കിയ പുതിയ പദ്ധതികൾ, സർക്കാർ സഹായങ്ങളുടെ കൃത്യമായ വിതരണം, മത്സ്യലഭ്യതയിലെ വർധന, മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി എന്നീ പ്രവർത്തനങ്ങളും അടക്കം കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷം നടത്തിയ പ്രവർത്തനങ്ങളാണ് കേന്ദ്രഫിഷറീസ് മന്ത്രാലയത്തിന്റെ അവാർഡിനായി പരിഗണിക്കുന്നത്. നടപ്പാക്കി പദ്ധതികളുടെയും നേട്ടങ്ങളുടെയും റിപ്പോർട്ടുകൾ കൃത്യമായി സമർപ്പിക്കാൻ കൊല്ലത്തിനു സാധിച്ചു.
വിദ്യാതീരം പദ്ധതി, ഐസ് പ്ലാന്റുകൾക്കുള്ള ധനസഹായം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് 10 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്തത്. പുനർഗേഹം പദ്ധതി നടത്തിപ്പ്, ഇന്തോ-നോർവീജിയൻ പദ്ധതി പ്രവർത്തനങ്ങൾ, ട്രോളിങ് നിരോധന കാലയളവിലെ ധനസഹായ വിതരണം, മത്സ്യം-ചെമ്മീൻ വിത്തുൽപാദനത്തിലെ വളർച്ച എന്നിവയൊക്കെ ഇതിൽ ഉൾപ്പെട്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-23 12:35:42
ലേഖനം നമ്പർ: 1574