ദേശീയ പുരസ്‌കാര നിറവിൽ തിരുവനന്തപുരം നഗര സഭ. നഗര ഭരണ- ശുചിത്വ പ്രവർത്തനങ്ങളിലും നഗരസഭ നൽകിയ സമഗ്ര സംഭാവനകൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപറേഷന്റെ അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ ദേശീയ പുരസ്‌കാരങ്ങൾ. നൂതന മാലിന്യ സംസ്‌കരണ രീതികൾ സ്വീകരിക്കുക, സുസ്ഥിര ശുചിത്വ പദ്ധതികൾ നടപ്പാക്കുക, നഗര ശുചിത്വ സംരംഭങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന നഗര ഭരണത്തിൽ തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
നഗരഭരണ വിഭാഗത്തിൽ കുടിവെള്ള വിതരണം കൈകാര്യം ചെയ്യുന്നതിലെ നൂതന സമീപനത്തിനാണ് നഗരസഭക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. ഇ-ഗവേണൻസ് സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട്, ടാങ്കർ ട്രക്കുകൾ വഴി സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള പ്രക്രിയ കോർപ്പറേഷൻ കാര്യക്ഷമമായി നടപ്പിലാക്കി. കൃത്യമായ ട്രാക്കിങ്, സമയബന്ധിതമായ ജലവിതരണം , അമിത നിരക്ക് ഈടാക്കുന്നത് തടയൽ തുടങ്ങിയ പ്രവർത്തങ്ങൾ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്തു. സുഗമമായ കുടിവെള്ള വിതരണത്തിന് സാങ്കേതിക സംവിധാനം ഉപയോഗിക്കുകയും ശാസ്ത്രീയമാനദണ്ഡങ്ങളിലൂടെ ശുദ്ധജല വിതരണം നടത്തുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക പരാമർശം ലഭിച്ചു. നഗരസഭയുടെ 87 കുടിവെള്ള ടാങ്കറിലും സ്വകാര്യവാഹനങ്ങളിലും ജിപിഎസ് ഏർപ്പെടുത്തി കുടിവെള്ളത്തിന്റെ സുരക്ഷയും അമിത ചാർജ് ഈടാക്കുന്നില്ലായെന്നും ഉറപ്പിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനമാണുള്ളത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്നതിലൂടെ സുരക്ഷിതമായ കുടിവെള്ളം അമിത ചാർജ് ഇല്ലാതെ നഗരത്തിൽ ഉറപ്പാക്കാനാവുന്നുവെന്ന് കേന്ദ്രസർക്കാർ വിലയിരുത്തി.
രാജ്യത്തെ ഏറ്റവും ഫലപ്രദമായ സേപ്റ്റേജ് ശേഖരണ-സംസ്‌കരണ സംവിധാനം ഏർപ്പെടുത്തിയതിനാണ് രണ്ടാമത്തെ പുരസ്‌കാരം. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം നഗര സഭയാണ് . ശക്തമായ സെപ്‌റ്റേജ് സംഭരണവും സംസ്‌കരണ സംവിധാനവും സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. നഗരത്തിലുട നീളമുള്ള വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും മികവ് പുലർത്തുന്ന സംവിധാനമാണ് തിരുവനന്തപുരം നടപ്പാക്കിയത്. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള മാലിന്യ സംസ്‌കരണ രീതികളിലൂടെ പൊതുജനാരോഗ്യം വർദ്ധിപ്പിക്കുന്ന നഗരസഭയുടെ ശക്തമായ പ്രവർത്തങ്ങൾ ഈ നേട്ടം എടുത്തുകാണിക്കുന്നു.
കുടിവെള്ള വിതരണത്തിനും സേപ്റ്റേജ് മാലിന്യ ശേഖരണത്തിനും ബുക്കിങ് മുതൽ ഫീസ് വരെയുള്ള സേവനം ഓൺലൈനായത് ദേശീയതലത്തിലുള്ള നേട്ടത്തിന് കാരണമായി. രാജ്യത്തെ തന്നെ മാതൃകാപരമായ സേപ്റ്റേജ് മാലിന്യ ശേഖരണ സംസ്‌കരണമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കോർപറേഷന്റെ ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്‌കരിക്കും. സ്വകാര്യ വാഹനങ്ങളുൾപ്പെടെ 36 ടാങ്കറാണ് കോർപറേഷൻ ഉപയോഗിക്കുന്നത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ പ്രത്യേക കോൾ സെന്റർ സംവിധാനവുമുണ്ട്. ഏകദേശം 40 കോടി ലിറ്ററിലേറെ മാലിന്യം സംസ്‌കരിച്ചു കഴിഞ്ഞു.
സുസ്ഥിര നഗര ഭരണത്തിനും ശുചിത്വ സമ്പ്രദായങ്ങൾക്കും ഇന്ത്യയിലെ മാതൃകാ നഗരമായി അടയാളപ്പെടുത്തിക്കൊണ്ട് നഗര അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പൊതു സേവന വിതരണത്തിൽ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുമുള്ള നഗരസഭയുടെ ദൗത്യങ്ങൾക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിൽ ലഭ്യമായ ഈ പുരസ്‌കാരങ്ങൾ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-17 11:32:01
ലേഖനം നമ്പർ: 1557