ഭക്ഷ്യസുരക്ഷാ രംഗത്ത് കേരളം നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയില്‍  ദേശീയതലത്തിൽ ഒന്നാമതെത്തി കേരളം.  ആദ്യമായി 2023  ൽ  ഒന്നാം സ്ഥാനം നേടിയ  കേരളം ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം  നിലനിർത്തി . ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതുൾപ്പെടെ,  ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണമായത് . വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ ഈ രംഗത്ത് നടത്തിയ പ്രവർത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചിക തയ്യാറാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളായ ഭക്ഷ്യസുരക്ഷാ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍.എ.ബി.എല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭക്ഷ്യ സംരംഭകര്‍ക്കും നല്‍കിയ പരിശീലനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവിനാണ് ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിത്.

ഭക്ഷ്യസുരക്ഷാ രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.  ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിനിലൂടെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഭക്ഷ്യസുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ വർഷം മുതൽ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവർമ മാർഗനിർദേശം പുറത്തിറക്കി. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീൻ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും, ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്.  ഓൺലൈൻ റിപ്പോർട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-20 15:33:58

ലേഖനം നമ്പർ: 1528

sitelisthead