ദേശീയ അംഗീകാര നിറവിൽ കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ രംഗം: ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായി വിഎച്ച്എസ്എസ് നടക്കാവ്
2024-25 ലെ എജ്യുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗിൽ (ഇഡബ്ല്യുഐഎസ്ആർ) ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂളായി കോഴിക്കോട് ഗവൺമെന്റ് വിഎച്ച്എസ്എസ്. അക്കാദമിക മികവിലും ഗുണനിലവാരത്തിലും അധിഷ്ഠിതമായ കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ മേഖലക്ക് ലഭിച്ച ദേശീയ അംഗീകാരമാണ് ഈ നേട്ടം. ദേശീയതലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സ്കൂൾ നിലനിർത്തിയിരുന്ന മൂന്നാം സ്ഥാനത്തിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ മികവിന്റെ പ്രതീകമായിമായി മാറിയ ഈ അംഗീകാരം അക്കാദമിക് രംഗത്തും അടിസ്ഥാന വികസനത്തിലും മറ്റു പഠ്യേതര പ്രവർത്തങ്ങളിലും സ്കൂൾ കൈവരിച്ച സമഗ്ര മുന്നേറ്റത്തെ എടുത്തു കാണിക്കുന്നതാണ്.
ദേശീയതലത്തിൽ ആദ്യ പത്തിൽ ഇടംനേടിയ അഞ്ച് സ്കൂളുകളും കേരളത്തിലാണ് എന്നുള്ളത് കേരളത്തിന്റെ വിദ്യാഭ്യാസ വികസന മാതൃകയെ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര സർക്കാർ സ്കൂളുകളുടെ വിഭാഗത്തിൽ പട്ടം കേന്ദ്രീയ വിദ്യാലയം ഏഴാം സ്ഥാനവും, ബോർഡിംഗ് സ്കൂളുകളിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം ആറാം സ്ഥാനവും കോട്ടയം പള്ളിക്കൂടം സ്കൂൾ മൂന്നാം സ്ഥാനവും കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂൾ ഒമ്പതാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിൽ നിന്നുള്ള മറ്റ് നിരവധി പ്രമുഖ സ്കൂളുകൾ റാങ്കിംഗിൽ ഉൾപ്പെട്ടിട്ടുണ്ട് . മികച്ച ബോർഡിംഗ് സ്കൂളുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസ്, കൊച്ചി ചോയ്സ് സ്കൂൾ, മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാലടി ടോളിൻസ് വേൾഡ് സ്കൂൾ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ലയോള സ്കൂളും, മിക്സഡ് സ്കൂൾ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ്, കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി, തേവര എസ്.എച്ച് പബ്ലിക് സ്കൂൾ, കാക്കനാട് ഭവൻസ് ആദർശ വിദ്യാലയം തുടങ്ങിയ സ്കൂളുകളും രാജ്യത്തെ മികച്ച 150 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടി. ഗുണനിലവാരത്തിനും മികവിനും ദേശീയ മാനദണ്ഡം സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ ആധിപത്യത്തെ ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കും
എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിംഗ് (ഇഡബ്ല്യുഐഎസ്ആർ) ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സ്കൂൾ റേറ്റിംഗ് സംവിധാനങ്ങളിലൊന്നാണ്. ഡേ, ബോർഡിംഗ്, ഇന്റർനാഷണൽ, ഗവൺമെന്റ്, എന്നിങ്ങനെ മാനേജ്‌മന്റ് വിവിധ വിഭാഗങ്ങളിലുടനീളമുള്ള സ്കൂളുകളെ അക്കാദമിക മികവ് , ഫാക്കൽറ്റി ഗുണനിലവാരം , അടിസ്ഥാന സൗകര്യങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, കായിക വിദ്യാഭ്യാസം, മാതാപിതാക്കളുടെ പങ്കാളിത്തം, പണത്തിനുള്ള മൂല്യം എന്നിവയുൾപ്പെടെ 14 പരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് ഇഡബ്ല്യുഐഎസ്ആർ റാങ്കിങ് നടത്തുന്നത്. ഇന്ത്യയിലെ 34 നഗരങ്ങളിലായി 5,150 രക്ഷിതാക്കളും 3,550 വിദ്യാഭ്യാസ പ്രൊഫഷണലുകളും ഉൾപ്പെടെ 8,700 സാമ്പിളുകളിൽ നിന്നും വിദ്യാഭ്യാസ മികവിന്റെ 14 പരാമീറ്ററുകൽ ഉപയോഗിച്ച് സർവ്വേ നടത്തിയാണ് രാജ്യത്തെ മികച്ച 4,000 സ്കൂളുകളെ കണ്ടെത്തിയത്. ആഗോളതലത്തിൽ ത്തന്നെ ഏറ്റവും സമഗ്രവും, വിപുലവുമായ സ്കൂൾ റാങ്കിംഗ് സർവേയാണ് ഇഡബ്ല്യുഐഎസ്ആർ 2024-25.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-28 16:43:52
ലേഖനം നമ്പർ: 1534