ആരോഗ്യരംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ഒരു അംഗീകാരം കൂടി. കേരളത്തിലെ 5 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) ബഹുമതി ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികൾക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുത്തു.
കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രമാണ് റാങ്കിംഗ് പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി പുതുതായി അംഗീകാരം നേടിയത്. കണ്ണൂർ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97% സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93% സ്‌കോറും, തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91% സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും സ്വന്തമാക്കി പുന:രംഗീകാരത്തിന് യോഗ്യത നേടി. ഇതോടെ സംസ്ഥാനത്ത് 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 118 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കാൻ സാധിച്ചു.
രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ്, മറ്റ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വർഷ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും. ദേശീയ ഗുണനിലവാര അംഗീകാരം തുടർച്ചയായി സംസ്ഥാനത്തെ ആശുപത്രികളെ തേടിയെത്തുന്നത് സർക്കാരിന്റെ ആരോഗ്യമേഖലയുടെ പ്രവർത്തനമികവിന് ലഭിക്കുന്ന അംഗീകാരമായി മാറുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-07 12:03:54
ലേഖനം നമ്പർ: 1514