ജനപങ്കാളിത്ത വിനോദസഞ്ചാരത്തിന് പുതിയ മുഖംനൽകിയ ഉത്തരവാദിത്വ ടൂറിസം മിഷന് വീണ്ടും ദേശീയ പുരസ്കാരം. ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കാണ് ഐസിആർടി (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്റെ 2024ലെ സുവർണ പുരസ്കാരം ലഭിച്ചത്. ഒരു പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കാണ് ‘എംപ്ലോയിങ്ങ് ആന്റ് അപ് സ്‌കില്ലിങ് ലോക്കൽ കമ്യൂണിറ്റി' വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. 

ഇന്ത്യൻ ഉപഭൂഖണ്ഡ പ്രദേശങ്ങളിൽ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട്  ഈ മേഖലയിൽ ​മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെയും സംരംഭങ്ങളെയുമാണ്  ഐസിആർടി - ഇന്ത്യ ചാപ്റ്റർ അവാർഡിന് പരി​ഗണിക്കുന്നത്. സംസ്ഥാനത്തിന് തുടർച്ചയായ മൂന്നാം വർഷമാണ് ഈ അവാർഡ് ലഭിക്കുന്നത്. 2022ൽ വിവിധ വിഭാ​ഗങ്ങളിലായി നാലു സുവർണ പുരസ്കാരവും 2023ൽ ഒരു സുവർണ പുരസ്കാരവും മിഷന് ലഭിച്ചിരുന്നു. ഇതോടെ  തുടർച്ചയായി മൂന്നുവർഷം വിവിധ വിഭാ​ഗങ്ങളിൽ സുവർണ പുരസ്കാരം നേടിയ രാജ്യത്തെ ഏക സർക്കാർ ഏജൻസിയായി ഉത്തരവാദിത്വ ടൂറിസം മിഷൻ മാറി.

ബേപ്പൂരിൻറെ ചരിത്രവും സംസ്കാരവും കോർത്തിണക്കി സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ നടപ്പിലാക്കിയത്. കരകൗശലനിർമാണവും തനത് ഭക്ഷണവിഭവങ്ങളുടെ വിപണനവും അടക്കമുള്ള  വിവിധ സംരംഭങ്ങൾ പുരസ്കാരത്തിന് നേട്ടമായി. കമ്മ്യൂണിറ്റി ടൂർ പാക്കേജും സ്ത്രീ സൗഹൃദ വിനോദ സഞ്ചാരവും സ്ട്രീറ്റ് പദ്ധതിയുമാണ് ഉത്തരവാദിത്ത ടൂറിസത്തെ വേറിട്ടു നിർത്തിയത്.ബേപ്പൂരിലെ മെഴുകുതിരി യൂണിറ്റ് രാജ്യാന്തരതലതിൽ ശ്രദ്ധ നേടി. പ്രാദേശികമായി നാനൂറോളം പേർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകി. വീട്ടമ്മമാർക്ക് ഉൾപ്പെടെ വരുമാനം ലഭ്യമാകുന്ന നിരവധി പ്രവർത്തനങ്ങളാണ് ബേപ്പൂരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-22 10:51:06

ലേഖനം നമ്പർ: 1491

sitelisthead