ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദേശീയ റാങ്കിങ് സൂചിപ്പിക്കുന്ന എൻഐആർഎഫ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്) പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിലെ സർവകലാശാലകൾ. മികച്ച സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റിൽ 9, 10, 11,43 റാങ്കുകൾ കേരളത്തിലെ സർവകലാശാലകൾ സ്വന്തമാക്കി. കേരള സർവകലാശാല ഒൻപതാം റാങ്കും, കൊച്ചിൻ സർവകലാശാല 10-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 11-ാം റാങ്കും കാലിക്കറ്റ് സർവകലാശാല 43-ാം റാങ്കുമാണ് കരസ്ഥമാക്കിയത്.
ഐഐടികളും ഐഐഎമ്മുകളും അടക്കം സർവകലാശാലകളുടെയും കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പൊതുപട്ടികയിൽ കേരള സർവകലാശാല 38-ാം റാങ്കും, കുസാറ്റ് 51 ഉം, മഹാത്മാ ഗാന്ധി സർവകലാശാല 67 ഉം റാങ്കുകൾ നേടി. രാജ്യത്തെ സർവകലാശാലകളുടെ മാത്രമായിട്ടുള്ള റാങ്കിങ് പട്ടികയിൽ കേരള സർവകലാശാല 21-ാം റാങ്കും, കുസാറ്റ് 34-ാം റാങ്കും, മഹാത്മാഗാന്ധി സർവകലാശാല 37-ാം റാങ്കും, കാലിക്കറ്റ് സർവകലാശാല 89-ാം കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. നാലെണ്ണം സർക്കാർ കോളേജുകളാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് , പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവയാണിത്. റാങ്കിങ്ങിൽ ഉൾപ്പെട്ട മൂന്നൂറ് കോളേജിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളതാണ്. അതിൽ 16 എണ്ണം സർക്കാർ കോളേജാണ്.
എഞ്ചിനീയറിംഗ് കോളേജ് വിഭാഗത്തിൽ സി.ഇ.റ്റി. തിരുവനന്തപുരം 101 മുതൽ 150 വരെ ബാന്റിലും. ഗവ. കോളേജ് തൃശ്ശൂർ 201 മുതൽ 300 വരെയുള്ള ബാന്റിലും ഇടം നേടി. ഓവറോൾ വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റി കഴിഞ്ഞ വർഷത്തെ 47-ാം സ്ഥാനത്തുനിന്ന് 38-ാം സ്ഥാനത്തേക്കും, കുസാറ്റ് 63-ാം സ്ഥാനത്തുനിന്ന് 51-ാം സ്ഥാനത്തേക്കും മുന്നേറി. NUALS നിയമ വിഭാഗത്തിൽ 38-ാം സ്ഥാനം കരസ്ഥമാക്കി.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും നേട്ടം
എയിംസും കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ദേശീയ റാങ്കിങ് പട്ടികയിൽ ഇടംനേടി തിരുവനന്തപുരം മെഡിക്കല്‍ കോളജും ദന്തല്‍ കോളജും. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ കോളേജുകൾ റാങ്കിൽ ഇടം പിടിക്കുന്നത്. രാജ്യത്തെ എല്ലാ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളജ് 21-ാം സ്ഥാനത്തുമാണുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ മാത്രം റാങ്കിങ്ങിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആറാമതും ദന്തല്‍ കോളജ് അഞ്ചാമതുമാണ്. പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക മെഡിക്കല്‍ കോളജും ദന്തല്‍ കോളജും കൂടിയാണിവ.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-08-14 15:29:28
ലേഖനം നമ്പർ: 1478