സംസ്ഥാനത്ത് ആദ്യമായി  ഓണ്‍ലൈനായി നടത്തിയ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. 1,13,447 (ഒരു ലക്ഷത്തി പതിമൂവായിരത്തി നാന്നൂറ്റി നാല്‍പ്പത്തി ഏഴ്) വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു, അലോട്ട് ചെയ്തവരിൽ  78942   വിദ്യാർത്ഥികളാണ്   പരീക്ഷയെഴുതിയത് . ഇതിൽ 71399 പേർ എഞ്ചിനീയറിംഗ് വിഭാഗത്തിലും ,7543  പേർ  ഫാര്‍മസി വിഭാഗത്തിലുമാണ്. കേരളത്തിൽ എറണാകുളം (14888 ) തിരുവനന്തപുരം (11802) ജില്ലകളിലാണ് ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികള്‍  പരീക്ഷയെഴുതിയത്. ദുബായിൽ 285 , ഡൽഹി , മുംബൈ എന്നിവടങ്ങളിൽ യഥാക്രമം 158 , 88 വിദ്യാർഥികൾ ഓൺലൈൻ പ്രവേശനപരീക്ഷ എഴുതി.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സാങ്കേതിക സംവിധാനങ്ങളോടെ സംസ്ഥാനമൊട്ടാകെ ഓണ്‍ലൈനായി പ്രവേശനപരീക്ഷ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷയുടെ സാങ്കേതിക സൗകര്യങ്ങളൊരുക്കിയത് സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സിഡിറ്റാണ്. ദേശീയതലത്തില്‍ തന്നെ മത്സര/ പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടെ സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനപരീക്ഷകള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ  പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിജയകരമായി പൂര്‍ത്തീകരിച്ചത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി 198 പരീക്ഷ കേന്ദ്രങ്ങളിലും  സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നത് പ്രത്യേക സോഫ്റ്റ്‌വെയർ സപ്പോർട്ട് സേവനങ്ങളും  കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിരുന്നു. പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെയും പരിശീലന കേന്ദ്രങ്ങളിലെയും മോക്ക് പരീക്ഷകൾ വിദ്യാർഥികൾക്ക് ഏറെ സഹായകമായി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-13 14:45:05

ലേഖനം നമ്പർ: 1416

sitelisthead