ലോകത്തെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂഫ്‌ളാഗ് ടാഗ് സ്വന്തമാക്കി കാപ്പാട് ബീച്ച്. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റ് എജുക്കേഷൻ നൽകുന്ന ഇക്കോ ലേബൽ ബ്ലൂഫ്‌ളാഗ് സർട്ടിഫിക്കറ്റാണ് കാപ്പാടിന് ലഭിച്ചത്. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവർഷം മുമ്പും ബീച്ചിന് ബ്‌ളൂഫ്‌ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സമീപനം,സൗരോർജ്ജത്തിന്റെ വിനിയോഗം,കാര്യക്ഷമമായ മാലിന്യ സംസ്‌കരണ രീതികൾ,പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവ കണക്കിലെടുത്താണ് കാപ്പാടിന് ഇത്തവണയും ബ്ലൂഫ്‌ളാഗ് ലഭിച്ചത്.
തീരശുചിത്വം, സുരക്ഷ, സേവനങ്ങൾ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റിനായി ബീച്ചുകൾ പരിശോധിക്കുന്നത് എഫ്.ഇ.ഇയും ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറും തെരഞ്ഞെടുത്ത മികച്ച പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ജൂറിയാണ്.ഇന്ത്യയിൽ ആകെ 8 ബീച്ചുകൾക്കാണ് ബ്ലൂഫ്‌ളാഗ് പദവി ലഭിച്ചത്. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാൻ മുപ്പതോളം വനിതകളാണ് ശുചീകരണത്തിൽ ഏർപ്പെടുന്നത്. ബ്ലൂഫ്ലാഗ് ടാഗ് സ്വന്തമാക്കിയതോടെ കാപ്പാടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-08 16:50:58
ലേഖനം നമ്പർ: 1300