കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥികൾ  'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' പദ്ധതിയുടെ ഭാ​ഗമായി നിർമ്മിച്ച 30 ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി.  ഇന്ത്യയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ചു ഒരു ക്യാമ്പസ്സിൽ നിന്നും നിർമ്മിച്ചു നൽകുന്നത്. ഖരമാലിന്യശേഖരണത്തിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓട്ടോകളാണിവ. 'പഠനത്തോടൊപ്പം സമ്പാദ്യം' എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉല്‍പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഗവ. പോളിടെക്‌നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്  'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്'. 

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ നിർമ്മാണക്കമ്പനിയായ  ആക്‌സോൺ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടുകൂടി ആരംഭിച്ച ക്യാമ്പസ് ഇൻഡസ്ട്രി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ഓട്ടോകളുടെ നിർമ്മാണം. കോഴിക്കോട് കോർപറേഷനുവേണ്ടി 75 ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഓർഡറാണ് പദ്ധതിയിലൂടെ ക്യാമ്പസ് നേടിയത്. അതിൽ ആദ്യഘട്ടമായാണ് 30 ഇലക്ട്രിക് ഓട്ടോകൾ പുറത്തിറങ്ങിയത്. വ്യാവസായികാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ ക്യാംപസ് ഇലക്ട്രിക് ത്രീ-വീലർ അസംബ്ലി യൂണിറ്റാണ് കോഴിക്കോട് പോളിടെക്നിക് കോളേജിലേത്. കർശന ഗുണനിലവാര പരിശോധനകൾക്കു ശേഷമാണ് മുപ്പത് വാഹനങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-01-12 11:57:26

ലേഖനം നമ്പർ: 1267

sitelisthead