മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം സി.എം.ഒ  (cmo.kerala.gov.in) പോർട്ടൽ  നവീകരിച്ചു. മലയാളത്തിന് പുറമേ ഇംഗ്ലീഷ് പതിപ്പിലും പോർട്ടൽ സേവനം ലഭിക്കും. പരാതിയുടെ തത്സ്ഥിതി, പരാതി നിലവിലുള്ള ഓഫീസിലെ ചാർജ് ഓഫീസറുടെ വിവരങ്ങൾ എന്നിവ പോർട്ടൽ വഴി ലഭിക്കും.  ദുരിതാശ്വാസ നിധി ധനസഹായ അപേക്ഷകൾ, നടപടി വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളും പോർട്ടലിൽ ഉൾപ്പെടുത്തി. 

ഓൺലൈനായി പരാതി സമർപ്പിക്കുന്നവരെ സഹായിക്കുന്നതിന് ഓൺലൈൻ ട്യൂട്ടോറിയൽ, പരാതി പരിഹാര സംവിധാനവും ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച  ഉത്തരവുകൾ, സർക്കുലറുകൾ ലഭിച്ച പരാതികളുടെയും തീർപ്പാക്കിയവയുടെയും സ്ഥിതിവിവര കണക്കും പോർട്ടലിൽ ലഭിക്കും. പൊതുജനങ്ങൾക്ക്  പരാതിയുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെടുന്നതിന് അപ്പോയിന്റ്മെന്റ് എടുക്കുന്നതിനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തും.

ധനസഹായ അപേക്ഷകൾക്കൊപ്പം സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന് ഇ ഹെൽത്ത് സോഫ്റ്റ്വെയറിലും സി. എം. ഒ പോർട്ടലിലും സംവിധാനം ഏർപ്പെടുത്തി. ഇ ഹെൽത്ത് സംവിധാനമുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് ഇ ഹെൽത്തിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉപയോഗിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കാനാകും.സർട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടോ നമ്പറോ അപേക്ഷയ്ക്കൊപ്പം നൽകിയാൽ ഉദ്യോഗസ്ഥർക്ക് അതിന്റെ ആധികാരികത പരിശോധിക്കാനാകും. ഡോക്ടർമാരുടെ രജിസ്ട്രേഷൻ നമ്പറും കേരള മെഡിക്കൽ കൗൺസിലിന്റെ ഡാറ്റാബേസിലെ വിവരങ്ങളും ഒത്തുനോക്കി മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-03-2024

sitelisthead