ചികിത്സാനുമതി നൽകുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യക്ക് (ക്യുസിഐ) നിയമപരമായ അധികാരമില്ലെന്ന് നാഷണൽ കമ്മീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (NCISM) അറിയിച്ചു. കേരളത്തിൽ ചികിത്സ നടത്തുന്നതിന് അംഗീകൃത യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും നിർബന്ധമാണെന്ന് കേരള മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 വ്യക്തമാക്കുന്നു.
ക്യുസിഐ നടപ്പിലാക്കുന്ന വോളന്ററി സർട്ടിഫിക്കേഷൻ സ്കീം ഫോർ ട്രഡീഷണൽ കമ്മ്യൂണിറ്റി ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (വിസിഎസ്ടിസിഎച്ച്പി) പദ്ധതിയുടെ ഭാഗമായി പാരമ്പര്യ വൈദ്യന്മാർക്കും മറ്റും നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കേരളത്തിൽ വ്യാപകമായി ചികിത്സ നടത്തുന്നത് കൗൺസിലിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അറിയിപ്പ്.
കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2021 ലെ വകുപ്പ് 37 പ്രകാരം യോഗ്യതയും രജിസ്‌ട്രേഷനും ഇല്ലാതെ ചികിത്സ നടത്തിയാൽ 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയോ, 1 മുതൽ 4 വർഷം വരെ തടവോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2026