കോഴിയിറച്ചിയുടെ അമിത വിലയ്ക്ക് പരിഹാരം കാണുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴികർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ 50 % ഇറച്ചിക്കോഴി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ മൃഗസംരക്ഷണ വകുപ്പും കെപ്കൊയുമായും സഹകരിച്ചു കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് പൗൾട്രി പ്രോസസിങ് പ്ലാന്റുമായി കുടുംബശ്രീ.
ഒന്നര മാസം പ്രായമുളള ഇറച്ചിക്കോഴികളെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ആൻറിമോർട്ടം ഇൻസ്പെക്ഷൻ നടത്തിയ ശേഷം പൂർണ ആരോഗ്യമുള്ള കോഴികളെ മാത്രമാണ് സംസ്കരണത്തിന് ഉപയോഗിക്കുക. വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി സെമി ഓട്ടോമേറ്റഡ് പൗൾട്രി പ്രോസസിങ്ങ് ലൈനിൽ ഓവർ ഹെഡ് റെയിൽ സിസ്റ്റത്തിൻറെ സഹായത്തോടെയാണ് സംസ്കരണവും തുടർ പ്രവർത്തനങ്ങളും. മണിക്കൂറിൽ 500 കോഴികളെ സംസ്കരിച്ച് ഇറച്ചിയാക്കാൻ ശേഷിയുള്ള പ്ലാന്റിൽ ഇറച്ചി ശീതീകരിച്ച് സൂക്ഷിക്കാൻ വിപുലമായ കോൾഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്. തിരുവനന്തപുരം കഠിനംകുളം, ചാന്നാങ്കരയിൽ നാലര ഏക്കറിലായാണ് പ്ളാൻറ് സ്ഥിതി ചെയ്യുന്നത്.
ഗുണമേന്മ ഉറപ്പു വരുത്തിയ ഉത്പന്നങ്ങൾ 'കുടുംബശ്രീ കേരള ചിക്കൻ' ബ്രാൻഡിൽ സൂപ്പർ മാർക്കറ്റുകൾ വഴി ആദ്യ ഘട്ടത്തിൽ വിപണനം ചെയ്യും. കോഴിയിറച്ചിയുടെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് 'മീറ്റ് ഓൺ വീൽസ്' മൊബൈൽ വിൽപ്പനശാലയും ആരംഭിക്കും. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 111 ഔട്ട്ലെറ്റുകളിലേക്കും കോഴിയെ വിതരണം ചെയ്യുന്നത് കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കർഷകരിൽ നിന്നാണ്. പ്രോസസിങ്ങ് പ്ളാൻറ് പ്രവർത്തനം ആരംഭിക്കുമ്പോൾ ഇവിടേക്ക് ആവശ്യമായ മുഴുവൻ കോഴികളേയും ഇതേ കർഷകരിൽ നിന്നു തന്നെ വാങ്ങും.
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പ്രൊഡ്യൂസർ കമ്പനിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-05-2023