2021ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യ മാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് കാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
'വഴിവെട്ടണം ആചാരമേ നീയിതെന്തു ഭാവിച്ച്' എന്ന സ്റ്റോറിക്ക് ദേശാഭിമാനിയിലെ വിനോദ് പായം ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. വികസനോന്മുഖ റിപ്പോർട്ടിങ്ങിന് 'ബാധ്യതയല്ല, പ്രവാസി സാധ്യതയാണ്' എന്ന പരമ്പരക്ക് മാതൃഭൂമിയിലെ അനു എബ്രഹാം പുസകരത്തിന് അർഹയായി. മാതൃഭൂമിയിലെ കെ.കെ. സന്തോഷ് പകർത്തിയ 'പന്തിനൊപ്പം പറക്കും വൈശാഖ്', മലയാള മനോരമയിലെ അരുൺ ശ്രീധർ പകർത്തിയ 'കണ്ണിൽ അച്ഛൻ' എന്നീ അടിക്കുറിപ്പുകളോടെയുള്ള ചിത്രങ്ങളാണു ഫോട്ടോഗ്രഫി പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. 'വിവാദങ്ങളെല്ലാം ഒഴുകിപ്പോയി' എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിന് കെ. ഉണ്ണികൃഷ്ണൻ പുരസ്‌കാരം നേടി.
കോവിൻ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ 'കോവിൻ ഫ്രോഡ്' സ്റ്റോറിക്ക് ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാർ പുരസ്‌കാരത്തിന് അർഹനായി. അട്ടപ്പാടിയിലെ പഞ്ചകൃഷി എന്ന വിഷയത്തിൽ തയാറാക്കിയ സ്റ്റോറിക്ക് മാതൃഭൂമി ന്യൂസിലെ അമൃത എ. യു. മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം നേടി. മനു എസ്. പിള്ളയുമായി നടത്തിയ അഭിമുഖത്തിന് മനോരമ ന്യൂസിലെ ജയമോഹൻ നായർ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. മനോരമ ന്യൂസിലെ ഷാനി ടി.പി. ആണ് മികച്ച ന്യൂസ് റീഡർ.
സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിന് ഏഷ്യാനെറ്റ് ന്യൂസിലെ കൃഷ്ണപ്രസാദ് ആർ.പി. മികച്ച ടിവി ന്യൂസ് കാമറക്കുള്ള പുരസ്‌കാരത്തിന് അർഹനായി. കക്കകളുടെ നിലനിൽപ്പും കക്ക വാരൽ തൊഴിലാളികളുടെ അതീജീവനവും വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത സ്റ്റോറി എഡിറ്റ് ചെയ്തതിന് വി. വിജയകുമാർ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. പുരസ്‌കാരങ്ങൾ 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വിതരണം ചെയ്യും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023